കൊല്ലം: ( www.truevisionnews.com ) കൊല്ലം നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചടയമംഗലം പൊലീസാണ് കേസെടുത്തത്. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കളുടെ ആരോപണം പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
നിലമേൽ പ്ലാച്ചിയോട് സ്വദേശി റഷീദ ബീവി റഷീദ ബീവിയുടെ മരുമകൻ ഷാജി എന്നിവരാണ് മരണപ്പെട്ടത്. മരിച്ച ഷാജിയുടെ ഭാര്യ സജിമോളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് ഷാജിയും കുടുംബവും സുഹൃത്ത് കണ്ണനും ഉൾപ്പടെ 6 പേർ വിഴിഞ്ഞത്തുള്ള ഹോട്ടലിൽ സീ ഫുഡ് കഴിക്കാൻ പോയത്.
വീട്ടിലെത്തിയ റഷീദ ബീവിക്കും മരുമകൻ ഷാജിക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് റഷീദ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജി മോളുടെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കും ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷാജിയുടെ സുഹൃത്ത് കണ്ണനും ആരോഗ്യ പ്രേശ്നങ്ങൾ ഇല്ല. ഇവർ ഭക്ഷണം കഴിച്ചെന്ന് പറയുന്ന വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് അടപ്പിച്ചിരുന്നു. ചടയമംഗലം പൊലീസ് അന്വേഷണം നടത്തിവരികയാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ ഫുഡ് സേഫ്റ്റി കമ്മീഷണറോട് റിപ്പോർട്ട് തേടി എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
two people died on the nilamel Police have registered a case of unnatural death
































