---
title: "'മണം തിരിച്ചു കിട്ടിയപ്പോഴാണ് അതിന്റെ വില അറിഞ്ഞത്'; സ്വന്തം ജീവിതാനുഭവം പങ്കുവെച്ച് മമ്മൂട്ടി"
english_title: "Mammootty shares his life experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342426/mammootty-shares-his-life-experience"
published_at: "2026-02-17T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69940cadba740_movie3.jpg"
keywords: []
---

# 'മണം തിരിച്ചു കിട്ടിയപ്പോഴാണ് അതിന്റെ വില അറിഞ്ഞത്'; സ്വന്തം ജീവിതാനുഭവം പങ്കുവെച്ച് മമ്മൂട്ടി

> **Lead Summary:** **[[moviemax.in] ]**കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും കേൾവി പരിമിതിയുള്ളവർക്കായുള്ള 'കാതോടു കാതോരം' പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് നടൻ മമ്മൂട്ടി നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

## Article Content

**[[moviemax.in] ]**കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും കേൾവി പരിമിതിയുള്ളവർക്കായുള്ള 'കാതോടു കാതോരം' പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് നടൻ മമ്മൂട്ടി നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

മനുഷ്യർക്ക് ലഭിച്ച വലിയ അനുഗ്രഹങ്ങളായ ആരോഗ്യവും ഇന്ദ്രിയങ്ങളും നഷ്ടപ്പെടുമ്പോഴാണ് അവയുടെ യഥാർത്ഥ വില നാം തിരിച്ചറിയുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തനിക്ക് കുറച്ചുകാലമായി മണം ലഭിക്കാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും അത് തിരിച്ചു കിട്ടിത്തുടങ്ങിയപ്പോഴാണ് ഇത്ര ചെറിയ കാര്യങ്ങൾ പോലും ജീവിതത്തിൽ എത്ര വലിയ ഭാഗ്യമാണെന്ന് മനസ്സിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം സ്വന്തം ജീവിതാനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

ശബ്ദങ്ങളുടെ ലോകം അപരിചിതമായവർക്ക് ശ്രവണ സഹായികൾ നൽകുന്ന അനുഭവം ചിലപ്പോൾ ഭയപ്പെടുത്തുന്നതാകാമെന്നും, താൻ മുൻപ് ഒരാൾക്ക് വാങ്ങി നൽകിയ ഉപകരണം ശബ്ദം കേട്ട് ഭയന്ന് അയാൾ എറിഞ്ഞുകളഞ്ഞ അനുഭവം ഉണ്ടെന്നും മമ്മൂട്ടി അനുസ്മരിച്ചു.

ഇത്തരം കാര്യങ്ങളിൽ കൃത്യമായ ബോധവൽക്കരണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൻ വെറുമൊരു പ്രതീകം മാത്രമാണെന്നും തന്നെ പത്മ പുരസ്കാരങ്ങളേക്കാൾ 'മമ്മൂട്ടി' എന്ന് അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നന്മ പ്രവർത്തിക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കുമ്പോഴും ലഭിക്കുന്ന മാനസിക സന്തോഷം മറ്റൊന്നിനും പകരം വെക്കാനാവില്ലെന്നും അതാണ് മനുഷ്യജീവിതത്തെ പൂർണ്ണമാക്കുന്നതെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342426/mammootty-shares-his-life-experience)