---
title: "'ചെറുമീനുകൾ വലയിലാകും, വൻസ്രാവുകൾ സജീവം'; ലഹരി മാഫിയക്കെതിരെ തുറന്നടിച്ച് നടൻ കണ്ണൻ സാഗർ"
english_title: "Kannan Sagar, Anti-Drug Day, Kannan Sagar's Facebook Post, "
publisher: "moviemax.in"
canonical_url: "https://moviemax.in/news/368492/kannan-sagar-anti-drug-day-kannan-sagars-facebook-post"
published_at: "2026-06-26T10:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e06d941ebd_Kannan_Sagar.jpg"
keywords: ["Kannan Sagar", "Anti Drug Day", "Kannan Sagar Post", "Drug Awareness"]
---

# 'ചെറുമീനുകൾ വലയിലാകും, വൻസ്രാവുകൾ സജീവം'; ലഹരി മാഫിയക്കെതിരെ തുറന്നടിച്ച് നടൻ കണ്ണൻ സാഗർ

> **Lead Summary:** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നടൻ കണ്ണൻ സാഗർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലഹരി ഉപയോഗം അരുതെന്ന് പറയാൻ മാത്രമേ നമുക്ക് സാധിക്കൂ എന്നും, എന്നാൽ സമൂഹത്തിൽ ഇതിന്റെ വ്യാപ്തി ഭയപ്പെടുത്തുന്ന രീതിയിൽ പടർന്നു പന്തലിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തന്നിലൂടെ ലഹരി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടില്ലെന്നും, മറ്റുള്ളവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ താൻ സ്വന്തമായി ഉപയോഗിക്കുകയോ ഇല്ലെന്ന് ഓരോരുത്തരും ശപഥം ചെയ്യണമെന്നും കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.

## Article Content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നടൻ കണ്ണൻ സാഗർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലഹരി ഉപയോഗം അരുതെന്ന് പറയാൻ മാത്രമേ നമുക്ക് സാധിക്കൂ എന്നും, എന്നാൽ സമൂഹത്തിൽ ഇതിന്റെ വ്യാപ്തി ഭയപ്പെടുത്തുന്ന രീതിയിൽ പടർന്നു പന്തലിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തന്നിലൂടെ ലഹരി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടില്ലെന്നും, മറ്റുള്ളവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ താൻ സ്വന്തമായി ഉപയോഗിക്കുകയോ ഇല്ലെന്ന് ഓരോരുത്തരും ശപഥം ചെയ്യണമെന്നും കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.

ലഹരികൾ മനുഷ്യർക്ക്‌ ഒരു വലിയബാധ്യതയാണ്. വിഷാദം, മൗനം, ചിന്താശക്തി, ഒറ്റപ്പെടൽ, വാശി, വിദ്വേഷം, വെറുപ്പ്‌, വൈരാഗ്യം, തന്റേടം, അപൂർവ്വ നിമിഷങ്ങളിലെ സന്തോഷം, ഇതിനെല്ലാം ലഹരികളാണ് ഏറ്റവും നല്ല പ്രതിവിധികൾ എന്ന് ഇപ്പോഴത്തെ തലമുറയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. മാഫിയ എന്ന അദൃശ്യ കൂട്ടർ ഈ ലഹരികളുടെ തുടക്കം ചെറുപ്രായം മുതലേ പരിപോഷിപ്പിക്കാൻ ആരൊയൊക്കെയോ മെനക്കെട്ടിറക്കുന്നു. പാവപ്പെട്ട കുട്ടികൾ ആദ്യം വീഴും പിന്നെ പണമുള്ള കുട്ടികളിലേക്ക് വ്യാപിക്കും. നാടിനും വീടിനും നാട്ടുകാർക്കും ഇവരൊരു ബാധ്യതയും ശല്യവും തലവേദനയുമായി മാറും. പ്രതികരിച്ചു നല്ലതു പറഞ്ഞാൽ പിന്നീട് കൊടുവാളുകളുമായി കൂട്ടമായി ഇറങ്ങും. ലഹരിയുടെ ബന്ധത്തിൽ ഒരു കേസിൽ പെട്ടാൽ ജീവിതം മുഴുവൻ ഈ നാട്ടിൽ തന്നെ തുടരാനും ജയിലുകളും കോടതികളും കയറിയിറങ്ങാനും വിധിക്കപ്പെടുന്ന തലമുറകൾ.

മുന്തിയതും കടുപ്പം കുറഞ്ഞതുമായ ലഹരിയുടെ ഉറവിടങ്ങൾ ഉറവപോലെ ഒഴുകുന്നു. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് വിപണനവും വ്യാപാരക്രമങ്ങളും പുതിയ പുതിയ മാർഗ്ഗങ്ങൾ തേടി അതിന്റെ ജൈത്ര യാത്ര തുടരുന്നു. ചെറുമീനുകൾ മാത്രം വലയിൽ കുടുങ്ങും. വൻസ്രാവുകൾ അന്താരാഷ്ട്ര വിപണിയിൽ സജീവമായി തുടരുന്നു. ഉപയോഗം അരുതേയെന്ന് പറയാനേ നമുക്ക് പറ്റൂ ഇതിന്റെ വ്യാപ്തി അപകടമാവിധം പടർന്നു പന്തലിച്ചിരിക്കുന്നു. ചുറ്റും ഒന്ന് വീക്ഷിക്കുക. നമ്മുടെ മക്കൾ പോകുന്ന വഴികൾ, നമുക്ക് പരിചയമുള്ള കുട്ടികൾ, അവരെ വശീകരിക്കാൻ വരുന്ന ലഹരി കഴുകന്മാരെ. അവരെ ഒറ്റുകൊടുക്കാനുള്ള മനസ് മാത്രം മതി ഒരു പരിധിവരെ ഈ വിപത്തിനെ തടയാൻ.

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. നമുക്കും ശപഥം ചെയ്യാം. എന്നിലൂടെ ലഹരിയെ ഞാൻ പ്രോത്സാഹിപ്പിക്കുകയോ അത്‌ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ ഞാനായിട്ട് ഉപയോഗിക്കുകയോ ചെയ്യില്ലാന്ന്. ജീവിതം ഇനിയും കാതങ്ങൾ നീങ്ങാനുണ്ട്. നമ്മളാകട്ടെ ഒരു നല്ല മാതൃക.

### Related Links & Sources
- [Original Story Source](https://moviemax.in/news/368492/kannan-sagar-anti-drug-day-kannan-sagars-facebook-post)