ആലപ്പുഴ: ( www.truevisionnews.com ) പെൻഷൻ പാസ്ബുക്ക് ഓൺലെെനായി പുതുക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻ ബാങ്ക് ജീവനക്കാരന്റെ കെെയിൽ നിന്ന് തട്ടിയത് 5.38 ലക്ഷം രൂപ. എസ്ബിഐയിലെ മുൻ സീനിയർ സ്‌പെഷ്യൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് തുടർന്ന് ഒറ്റരാത്രികൊണ്ട് 5.38 ലക്ഷം രൂപ നഷ്ടമാകുകയായിരുന്നു.
പരാതിക്കാരൻ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ മൊബെെലിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും അതിലൂടെ അക്കൗണ്ടിൽ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്‌തെന്നുമാണ് നിഗമനം. പെൻഷൻ പാസ് ബുക്ക് പുതുക്കി നൽകുമെന്ന സോഷ്യൽ മീഡിയയിലെ പരസ്യം കണ്ട് ജനുവരി 31ന് രാത്രി 10മണിക്കാണ് പരാതിക്കാരൻ അതിനൊപ്പമുള്ള ലിങ്കിൽ കയറി രജിസ്റ്റർ ചെയ്തത്.
പക്ഷാഘാതം വന്നുകിടപ്പിലായതിനാൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് പരസ്യം വിശ്വസിച്ച് ലിങ്ക് ക്ലിക്ക് ചെയ്തത്. പെൻഷൻ ബുക്ക് പുതുക്കാൻ ഇങ്ങനൊരു അപേക്ഷ ആവശ്യമില്ലെന്ന് അറിയാവുന്നതിനാൽ സംശയം തോന്നി കോൾ കട്ട് ചെയ്തു.
പക്ഷേ അപ്പോഴേയ്ക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏഴ് തവണയായി 5,38,498 രൂപ തട്ടിപ്പുകാർ കെെക്കലാക്കി. പിന്നാലെ ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സെെബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.
Online fraud under the guise of pension passbook Rs 5 lakhs lost from account overnight complaint investigated
































