കൊച്ചി:(https://truevisionnews.com/) വഴക്കിനിടയില്‍ 'എന്നാല്‍ പോയി ചാക്' എന്നുപറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കാസർകോട് ബാര സ്വദേശിയായ യുവാവിനെതിരെ എടുത്ത വിധിയാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ റദ്ദാക്കി ഉത്തരവിട്ടത്.
കേവലം വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മാത്രമെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കൂ എന്ന സുപ്രീംകോടതി വിധി ന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിധി.
ഹർജിക്കാരൻ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിനെച്ചൊല്ലി, ബന്ധത്തിലായിരുന്ന വിവാഹിതയായ യുവതി ഇയാളെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നു. സംസാരത്തിനിടയിലുണ്ടായ തർക്കത്തിൽ 'എന്നാൽ പോയി ചാവ്' എന്ന് യുവാവ് പ്രകോപിപ്പിച്ചു. ഈ മനോവിഷമത്തിൽ യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് കേസ്.
2023ലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെതിരായ കേസ് സെഷന്‍സ് കോടതി ചോദ്യം ചെയ്‌തെങ്കിലും ഐപിസി 306, 204 വകുപ്പുകള്‍ ചുമത്താനായിരുന്നു കോടതി നിര്‍ദേശം. ഇത് ചോദ്യം ചെയ്ത് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി വിധിന്യായങ്ങള്‍ അടക്കം പരിശോധിച്ചാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ മനഃപൂര്‍വ്വമായ കാര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആത്മഹത്യാപ്രേരണാകുറ്റം ചുമത്താനാകില്ലായെന്നും കോടതി ഉത്തരവിട്ടത്.
High Court quashes Kasaragod Additional Sessions Court verdict

































