കോഴിക്കോട്:(https://truevisionnews.com/) മന്ത്രി എ കെ ശശീന്ദ്രനെതിരെ കോഴിക്കോട്ടെ മണ്ഡലം കമ്മിറ്റികളിൽ പ്രമേയം. ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളിൽ പത്തിടത്തും മന്ത്രിക്കെതിരെ പ്രമേയം പാസാക്കി.
എട്ടു തവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്ത സാഹചര്യത്തിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് ആവശ്യം.
സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ജില്ലാ കമ്മിറ്റിയിൽ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പിൻവാങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ശശീന്ദ്രൻ ഇത്തവണ മാറിനിൽക്കണമെന്നും മറ്റൊരാൾക്ക് അവസരം നൽകണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ ഇതിന് അദ്ദേഹം തയ്യാറാകുന്നില്ലെന്ന് ജില്ലാ നേതാക്കൾ ആരോപിക്കുന്നു.
എലത്തൂർ മണ്ഡലത്തിൽ മന്ത്രിക്കെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും, അദ്ദേഹം വീണ്ടും മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ശശീന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.
1980 മുതൽ എ കെ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി. പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.
Resolution against A.K. Saseendran

































