[moviemax.in] തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ, മമ്മൂട്ടി ചിത്രം 'പേരൻപി'നെ അവഗണിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. 2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ പുരസ്കാരങ്ങൾ ഒന്നിച്ച് പ്രഖ്യാപിച്ചപ്പോൾ അഞ്ച് മികച്ച നടിമാരടക്കം നിരവധി മലയാളികൾ പട്ടികയിൽ ഇടംപിടിച്ചെങ്കിലും, ഏറെ ചർച്ച ചെയ്യപ്പെട്ട മമ്മൂട്ടി-റാം ചിത്രം പൂർണ്ണമായും തഴയപ്പെടുകയായിരുന്നു.
2018-ൽ പുറത്തിറങ്ങിയ 'പേരൻപി'ൽ അമുദവൻ എന്ന അച്ഛനായി മമ്മൂട്ടി നടത്തിയ പ്രകടനം ആഗോളതലത്തിൽ തന്നെ വലിയ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അച്ഛന്റെ സങ്കീർണ്ണമായ വികാരങ്ങൾ അതീവ സൂക്ഷ്മതയോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
റോട്ടർഡാം ചലച്ചിത്രമേളയിലടക്കം ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന് മികച്ച സിനിമയ്ക്കോ നടനോ ഉള്ള പുരസ്കാരം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. അവാർഡ് ലിസ്റ്റിൽ ചിത്രത്തിന്റെ പേര് ഇല്ലാത്തതിൽ മലയാളികളേക്കാൾ കൂടുതൽ തമിഴ് സിനിമാപ്രേമികളാണ് ജൂറിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
മികച്ച പ്രകടനങ്ങൾ തഴയപ്പെട്ടുവെന്നും മമ്മൂട്ടിയെയും റാമിനെയും പരിഗണിക്കാതിരുന്നത് നീതിയല്ലെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു. അതേസമയം, സിനിമയുടെ ഛായാഗ്രാഹകൻ തേനി ഈശ്വർ മികച്ച സിനിമാറ്റോഗ്രാഫർക്കുള്ള പുരസ്കാരം (2019) നേടിയിട്ടുണ്ടെങ്കിലും, പ്രധാന വിഭാഗങ്ങളിൽ ചിത്രം തഴയപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
Protest against Tamil Nadu State Awards jury
































