കോഴിക്കോട്:(https://truevisionnews.com/) കസബ സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. ലുലു മാളിന് സമീപമുള്ള സുസുക്കി സ്കൂട്ടർ സർവീസ് സെന്ററിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലളം സ്വദേശിയായ കിളിച്ചേരിപറമ്പിൽ ടി.കെ. ഹൗസിൽ സാജിദ് ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കെട്ടിടത്തിന് മുന്നിൽ കാർ പാർക്ക് ചെയ്തത് കാരണം സ്ഥാപനം തുറക്കാൻ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന്, കാർ എടുക്കാൻ ഉടമ വരുമ്പോൾ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കണമെന്ന് ജീവനക്കാരെ ഏൽപ്പിച്ചാണ് പോലീസ് മടങ്ങിയത്.
എന്നാൽ ഉച്ചയോടെ കാർ എടുക്കാനെത്തിയ യുവാവിനോട് ജീവനക്കാർ ഇക്കാര്യം പറഞ്ഞെങ്കിലും, സ്റ്റേഷനിൽ പോകാൻ തയാറാകാതെ ഇയാൾ മാങ്കാവ് ഭാഗത്തേക്ക് കാറോടിച്ചു പോവുകയായിരുന്നു.
യുവാവ് കടന്നുകളഞ്ഞ വിവരം ജീവനക്കാർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. തുടർന്ന് കൺട്രോൾ റൂം പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പിന്തുടരലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ബാഗിൽ നിന്ന് 38.920 ഗ്രാം എംഡിഎംഎയും 1,39,000 രൂപയും നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
പിടിയിലായ സാജിദ് ജമാൽ മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജ്, പന്തീരാങ്കാവ്, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
MDMA seized from a car parked in a public place

































