തിരുവനന്തപുരം: ( www.truevisionnews.com ) സർക്കാറിന്റെ പുതിയ ബജറ്റിൽ പ്രായോഗികതയില്ലെന്ന് രമേശ് ചെന്നിത്തല. ഇതൊരു തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള ചില പൊള്ളയായ പ്രഖ്യാപനങ്ങളടങ്ങിയ യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനത്തിൽ പോലും പദ്ധതി ചെലവ് ഉണ്ടായിട്ടില്ല. എന്നിട്ടാണിപ്പോൾ ഈ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നത്. അത് ആരും വിശ്വസിക്കാൻ പോകുന്നില്ല. ഗവൺമെന്റിന് ആകെ ഒന്നര മാസമാണ് ബാക്കിയുള്ളത്. ഈ ഒന്നര മാസത്തിനുള്ളിൽ ഏത് പദ്ധതിയാണ് നടപ്പാക്കാൻ കഴിയുന്നത്? അപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയിട്ടുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ കാണാൻ കഴിയുന്നതെന്ന് വ്യക്തം. ചെന്നിത്തല പറഞ്ഞു.
മുൻസർക്കാറിന്റെ ബജറ്റിൽ പ്രഖ്യാപിച്ച പലതും നടന്നിട്ടില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒന്നും തന്നെ ഈ ബജറ്റിൽ ഇല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തോമസ് ഐസക്ക് ധനകാര്യമന്ത്രി ആയിരുന്നപ്പോൾ 2500 കോടി രൂപയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല.
വയനാട് പാക്കേജ്, ഇടുക്കി പാക്കേജ് ഒന്നും നടന്നില്ല. ആശാവർക്കർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചെറിയൊരു തുക വെച്ചു എന്നല്ലാതെ വേറെ എന്താണുള്ളത്? ക്ഷേമ പെൻഷൻ കൂട്ടിയിട്ടുമില്ല. പ്രഖ്യാപനങ്ങൾ അല്ലാതെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്ന ഒന്നും ഈ ബജറ്റിൽ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
“ആ മഞ്ഞക്കുറ്റി ഒന്ന് പിഴുതുകളയണം എന്ന അഭ്യർത്ഥനയേ സർക്കാരിനോടുള്ളു. ആളുകൾ വളരെ ബുദ്ധിമുട്ടിയിരിക്കുകയാണ്. എന്നിട്ടും പറയുകയാണ് കെ റെയിൽ നടപ്പാക്കുമെന്ന്. ഒരു ഭാഗത്ത് അതിവേഗ പാതയുണ്ടാകുമെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് കെ-റെയിൽ എന്ന് പറയുന്നു. ഏതാണ് ശരി? ആർക്കും ഇതിനെക്കുറിച്ച് അറിയില്ല. കേന്ദ്രത്തിന്റെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ചോദിച്ചാൽ അതിന്റെ ഡി.പി.ആർ കാണാതെ നമുക്ക് ഒന്നും പറയാൻ കഴിയില്ല. യുഡിഎഫ് വികസനത്തിന് എതിരല്ല. പക്ഷേ ഡി.പി.ആർ കാണണ്ടേ?
കെ-റെയിൽ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല, വൻതോതിലുള്ള കടമെടുപ്പ് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അതിനെ എതിർത്തത്. റെയിൽവേ പാളങ്ങളിലെ വളവുകൾ നിവർത്തിയും സിഗ്‌നലിംഗ് സംവിധാനം പരിഷ്‌കരിച്ചും ഇപ്പോൾ നിലവിലുള്ള റെയിൽവേ പാത തന്നെ വേഗത്തിലാക്കാൻ കഴിയും.
കെ ഫോണിനു വേണ്ടി പണം മാറ്റിവച്ചുവെന്ന് പറയുന്നു. നിലവിൽ 'കെ-ഫോണിന്റെ സ്ഥിതി എന്താണ്? ആർക്കാണ് അതുകൊണ്ട് പ്രയോജനമുള്ളത്? എത്ര കോടി രൂപ ചെലവാക്കി? കെ-ഫോൺ ഇപ്പോൾ ആരാണ് ഉപയോഗിക്കുന്നത്? ഇതിനൊക്കെ സർക്കാർ മറുപടി പറയണം.ഇതെല്ലാം തട്ടിക്കൂട്ട് പദ്ധതികളാണ്. ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന വെറും തട്ടിപ്പ് വിദ്യകൾ മാത്രമാണിത്.
ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തല പറഞ്ഞു.
Ramesh chennithala against kerala budget 2026


































