കൊച്ചി: (https://truevisionnews.com/) പുസ്തകങ്ങൾ അപ്രത്യക്ഷമാകുമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും വായനക്കാരുള്ള കാലത്തോളം പുസ്തകങ്ങൾ ലോകത്ത് നിലനിൽക്കുമെന്നും പ്രമുഖ നോവലിസ്റ്റ് അജയ് പി. മങ്ങാട്ട്.
കൊച്ചി ജയിൻ യൂണിവേഴ് സംഘടിപ്പിച്ച സമിറ്റ് ഓഫ് ഫ്യൂച്ചറിൽ 'വായന ഒരു ശീലം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന ഒരു കലയാണ്, നൃത്തവും സംഗീതവും അഭ്യസിക്കുന്നതുപോലെ കൃത്യമായ പരിശീലനം അനിവാര്യമാണ്.
കൂടാതെ, വ്യക്തിത്വ വികാസത്തിനും ബൗദ്ധിക വളർച്ചയ്ക്കും വായന സഹായിക്കും. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ബോധപൂർവം അല്പസമയം വിട്ടുനിൽക്കുന്നത് വായനാശീലം വളർത്തിയെടുക്കാൻ സഹായിക്കും.
ഇ-ബുക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിച്ച പുസ്തകങ്ങൾക്കുള്ള മേന്മകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇന്റർനെറ്റിന്റെയോ വൈദ്യുതിയുടെയോ ബാറ്ററിയുടെയോ സഹായമില്ലാതെ ഏതു സമയത്തും ഉപയോഗിക്കാമെന്നതാണ് അച്ചടിച്ച പുസ്തകങ്ങളുടെ പ്രധാന ആകർഷണം.
ഒരു അധ്യാപകൻ, രക്ഷിതാവ് എന്നീ നിലകളിൽ സംസാരിച്ച അദ്ദേഹം കുട്ടികളിലെ വായനാശീലത്തെക്കുറിച്ചും പരാമർശിച്ചു. കുട്ടികളിലുള്ള ആകാംക്ഷയാണ് അവരെ വായനയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. കുട്ടികൾ വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വായനയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.
എങ്കിലും വായന എന്നത് ഒരാളിലേക്ക് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും വായനക്കാരൻ പുസ്തകവുമായി വ്യക്തിപരമായ ഒരു ആത്മബന്ധം സ്ഥാപിക്കുമ്പോഴാണ് വായന അർത്ഥവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഥില ജോസാണ് സെഷൻ നിയന്ത്രിച്ചത്.
'It is a misconception that books will disappear in the future' - AjayPMangat


































