തിരുവനന്തപുരം: (https://truevisionnews.com/) ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണനേട്ടത്തിന് പിന്നാലെ നഗരത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മേയർ വി.വി. രാജേഷ് എത്തില്ല. ഗവർണർ രാജേന്ദ്ര അർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ വിമാനത്താവളത്തിൽ എത്തുമ്പോഴാണ് മേയറുടെ അസാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.
സുരക്ഷാ ക്രമീകരണങ്ങളും സമയക്രമവും പാലിക്കേണ്ടതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണത്തിൽ നിന്ന് മേയർ വിട്ടുനിൽക്കുന്നതെന്നാണ് സൂചന. വിമാനത്താവളത്തിന് പകരം പുത്തരിക്കണ്ടത്തെ സ്വീകരണ പരിപാടിയിൽ മേയർ പങ്കെടുക്കും.
ഗവർണർക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉയർന്ന സൈനിക - പൊലീസ് ഉദ്യോഗസ്ഥർ, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്. സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയർ തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ മേയർ പോകുന്നത് പതിവാണ്. തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി മേയർ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്. എന്നാൽ വൻ വിജയം നേടി അധികാരം പിടിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോൾ മേയർ ഇല്ലാത്തതിന് കാരണമായി സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിൽ മേയർ പങ്കെടുക്കുന്നുണ്ടെന്നും ഇവിടങ്ങളിൽ പ്രധാനമന്ത്രി എത്തുന്നതിന് മുൻപ് വേദിയിൽ എത്തേണ്ടതിനാലാണ് മേയർ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാത്തതെന്നുമാണ് വിശദീകരണം.
No Mayor to receive PM; V.V. Rajesh skips airport reception due to security reasons

































