[moviemax.in] റസ്‌ലിംഗിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ് "ചത്താ പച്ച: റിങ് ഓഫ് റൗഡീസ്'. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ 'ചത്ത പച്ച'യിൽ മോഹൻലാലുമുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു ഉൾപ്പെടെയുള്ളവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇവർക്കൊപ്പം മമ്മൂട്ടിയുമുണ്ട് എന്ന് തുടക്കം മുതൽ സൂചനകൾ നൽകിയിരുന്നു. ട്രെയിലർ റിലീസ് ആയതോടെ ട്രെയിലറിൻ്റെ അവസാന ഭാഗങ്ങളിൽ കാണിക്കുന്ന വാൾടർ എന്ന കഥാപാത്രം മമ്മൂട്ടിയാണ് എന്നാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ആരാധകർക്ക് വൻ സർപ്രൈസുമായി ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ എത്തിയത്.ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്ന മോഹൻലാലിന്റെ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്.
'ചത്ത പച്ച എന്ന മൂവി ജനുവരി 22ന് റിലീസ് ചെയ്യുകയാണ്. ഈ ടീമിൻ്റെ കൂടെ ഞാനുമുണ്ട്, പിന്നെ എൻ്റെ അടുത്ത ഒരു സുഹൃത്തും, എന്ന വിഡിയോയിലെ മോഹൻലാലിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇതോടെ മമ്മൂട്ടിക്കൊപ്പം മോഹൻലാലും ചിത്രത്തിലുണ്ട് എന്നാണ് ആരാധകർ പറയുന്നത്. സൂപ്പർ താരങ്ങളുടെ കാമിയോ സംബന്ധിച്ച് ഇതുവരെ അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
chathapacha movie


































