ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ വിസ്മയമായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ എട്ടാം സീസണിനായി മലയാളം പ്രേക്ഷകർ കാത്തിരിപ്പിലാണ്. വമ്പിച്ച വിജയമായി മാറിയ ഏഴാം സീസണിന് പിന്നാലെ, പുതിയ പതിപ്പ് എന്ന് തുടങ്ങുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണ്.
സാധാരണ സമയത്തേക്കാൾ നേരത്തെ തന്നെ സീസൺ 8 ആരംഭിച്ചേക്കുമെന്നാണ് ആരാധകർക്കിടയിലെ പ്രധാന സംസാരം. ഇതിനിടെ, ഷോയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുമായി വൈറൽ പിആർ വിനു രംഗത്തെത്തിയിരിക്കുകയാണ്. വിനു പങ്കുവെച്ച വിവരങ്ങൾ ബിഗ് ബോസ് ആരാധകർക്കിടയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
"ബിഗ് ബോസ് മാർച്ചിലോ, ഏപ്രിലിലോ ഉണ്ടാകുമെന്ന് ഞാൻ കേട്ടു. ലാലേട്ടന്റെ ഡേറ്റും ബാക്കി കാര്യങ്ങളും ഒക്കെയായി വരണം. കഴിഞ്ഞ സീസൺ ഏറെ വൈകിയാണ് വന്നത്. ഇത്തവണ അത് നേരത്തെ ആകാൻ ചാൻസ് ഉണ്ട്. മുൻ സീസണിലെ ശ്രദ്ധനേടിയ മത്സരാർത്ഥികളെ വച്ചുള്ള ബിഗ് ബോസ് അൾട്ടിമേറ്റ് ഈ വർഷം ഉണ്ടാകുമെന്നും റൂമറുകളുണ്ട്. അതെത്രത്തോളം ശരിയാണെന്ന് അറിയില്ല. ജനങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന ടിവി ഷോയാണ് ബിഗ് ബോസ്. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുക എന്നതാണ് ഒരു ചാനലിന്റെ ഏറ്റവും വലിയ കടമ. ബിഗ് ബോസ് ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്നു. അത് കാണുന്നതാണ് ചിലർക്ക് കൺഫെർട്ടും റിലീഫുമൊക്കെ. ഒരു വർഷത്തിന്റെ മൂന്നിൽ ഒന്ന് ഷോയ്ക്ക് വേണ്ടി നൽകുന്നവരാണ്", എന്നാണ് വിനു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. എന്നാൽ ബിഗ് ബോസ് എന്ന് വരുമെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
മൂന്ന് മാസം നീണ്ടു നിന്ന ബിഗ് ബോസ് സീസൺ 7 നവംബറിൽ ആയിരുന്നു അവസാനിച്ചത്. ആർട്ടിസ്റ്റായ അനുമോൾ ആയിരുന്നു സീസൺ ഏഴിലെ വിജയി. ഗ്രാന്റ് ഫിനാലെ വേദിയിൽ വച്ച് സീസൺ 8 ഉണ്ടാകുമെന്ന് അവതാരകനായി മോഹൻലാൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
"ഏഴിന്റെ പണി കഴിഞ്ഞു. അടുത്തത് എട്ടിന്റെ പണിയുമായി നമുക്ക് വീണ്ടും കാണാം", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. സീസണിൽ തിളങ്ങി നിന്ന സ്പൈ കുട്ടൻ എന്ന റോബോട്ടും മോഹൻലാലും തമ്മിൽ നടന്ന രസകമായ സംഭാഷണവും അന്ന് ശ്രദ്ധനേടിയിരുന്നു. സീസൺ 8ൽ താൻ മത്സരാർത്ഥിയായി വന്നോട്ടെ എന്ന് സ്പൈ കുട്ടൻ ചോദിച്ചെന്നായിരുന്നു മോഹൻലാൽ രസകരമായി പറഞ്ഞത്. "ആഹാ.. ആദ്യ മത്സരാർത്ഥി സെറ്റായല്ലോ", എന്ന് അന്ന് പ്രേക്ഷകർ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.
'The next one will come with the work of eight'; Lalettan's assurance, indications that season 8 will arrive early

































