കൊച്ചി:(https://moviemax.in/) "മൈ ഫോൺ നമ്പർ ഈസ് 2255..." പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളിത്തിരയിൽ മോഹൻലാൽ പറഞ്ഞ ഈ ഡയലോഗ് ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. 'രാജാവിന്റെ മകൻ' എന്ന സിനിമയിലെ ആ നമ്പറിനെ ഇപ്പോൾ ജീവിതത്തിലേക്കും ചേർത്തുപിടിച്ചിരിക്കുകയാണ് താരം. തന്റെ പുതിയ വാഹനമായ ഇന്നോവ ഹൈക്രോസിനായി 2255 എന്ന ഫാൻസി നമ്പർ മോഹൻലാൽ സ്വന്തമാക്കി.
എറണാകുളം ആർടി ഓഫീസിൽ നടന്ന ഓൺലൈൻ ലേലത്തിനൊടുവിലാണ് KL 07 DJ 2255 എന്ന നമ്പർ മോഹൻലാൽ നേടിയത്. ലേലത്തിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. 10,000 രൂപയിൽ തുടങ്ങിയ വിളികൾ 1.45 ലക്ഷം വരെ എത്തിയതോടെ, തുക 1.80 ലക്ഷമാക്കി ഉയർത്തി ലാലിന്റെ പ്രതിനിധി ലേലം ഉറപ്പിച്ചു. 33 ലക്ഷം രൂപ വിലയുള്ള ഹൈക്രോസിനായി 5,000 രൂപ ഫീസടച്ചാണ് താരം ഈ നമ്പർ നേരത്തെ ബുക്ക് ചെയ്തിരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ മോഹൻലാലിന്റെ സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും ഇതേ നമ്പർ തന്റെ വാഹനത്തിനായി സ്വന്തമാക്കിയിരുന്നു. KL 07 DH 2255 എന്ന നമ്പറിന് 3.20 ലക്ഷം രൂപയാണ് അന്ന് ആന്റണി നൽകിയത്.
Mohanlal wins his favorite number for a new car through auction


































