(https://moviemax.in/)മലയാള സിനിമയെ സംബന്ധിച്ച് ഏപ്രിൽ-മെയ് മാസങ്ങൾ എന്നും വമ്പൻ റിലീസുകളുടെ കാലമാണ്. സ്കൂൾ അവധിക്കാലം പ്രമാണിച്ച് സൂപ്പർതാര ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തുന്ന പതിവ് ഇത്തവണയും തെറ്റുന്നില്ല. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് വമ്പൻ പ്രോജക്റ്റുകളാണ് ഈ വെക്കേഷൻ സീസണിൽ റിലീസിനൊരുങ്ങുന്നത്.
എക്കാലത്തെയും വലിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദൃശ്യം' മൂന്നാം ഭാഗവുമായി എത്തുകയാണ്. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' ഏപ്രിൽ 3-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയ മാനം നൽകിയ ദൃശ്യം ആദ്യ ഭാഗം 75 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിയത്.
രണ്ടാം ഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തി വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ദൃശ്യം 3-ന്റെ ഹിന്ദി പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്; ഇത് ഓഗസ്റ്റിലായിരിക്കും പുറത്തിറങ്ങുക.
മലയാളത്തിന്റെ മഹാപ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിന് ശേഷം ഒരു സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഈ ചരിത്രപരമായ ഒത്തുചേരൽ.
മമ്മൂട്ടിക്കും ലാലേട്ടനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവൻ താരനിരയും ഈ സ്പൈ ത്രില്ലറിൽ അണിനിരക്കുന്നു. ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 23-ന് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിംഗും മികച്ച താരനിരയും ചേരുമ്പോൾ ഈ അവധിക്കാലം മലയാള സിനിമയ്ക്ക് റെക്കോർഡുകളുടെ കാലമാകുമെന്ന് ഉറപ്പാണ്.
Mammootty, Mohanlal, Patriot movie


































