2016-ൽ ഒരു കൊച്ചു നഗരത്തിലെ നാല് സുഹൃത്തുക്കളുടെ സൈക്കിൾ യാത്രയിലൂടെ തുടങ്ങിയ സാഹസികത പത്ത് വർഷങ്ങൾക്കിപ്പുറം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. ഡിൻ, ലൂക്കസ്, മൈക്ക്, വിൽ എന്നീ കുട്ടിക്കൂട്ടവും അവർക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ 'ഇലവൻ' എന്ന അമാനുഷിക പെൺകുട്ടിയും ഇന്ന് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ വികാരമാണ്.
ആഗോളതലത്തിൽ 120 കോടിയിലധികം കാഴ്ചക്കാരുമായി സ്ട്രേഞ്ചർ തിങ്‌സ് എന്ന സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ അഞ്ചാം സീസണിലൂടെ വിടവാങ്ങുകയാണ്. അഞ്ചാം സീസണിലെ എട്ട് എപ്പിസോഡുകളിലായി ഇലവനും സംഘവും തങ്ങളുടെ ഏറ്റവും വലിയ ശത്രുവായ 'വെക്ന'യെ നേരിടാനൊരുങ്ങുകയാണ്.
ഇന്ത്യാനയിലെ ഹോപ്കിൻസ് എന്ന സാങ്കൽപ്പിക നഗരത്തിൽ 1983-ൽ തുടങ്ങിയ ഈ കഥ ഇപ്പോൾ എത്തിനിൽക്കുന്നത് അതീവ ഗുരുതരമായ ഒരു സാഹചര്യത്തിലാണ്. ഹോപ്കിൻസ് നഗരം ഇപ്പോൾ സൈന്യത്തിന്റെ ക്വാറന്റീൻ മേഖലയായി മാറിയിരിക്കുന്നു.
സംവിധായകരായ ഡഫർ ബ്രദേഴ്‌സ് ഈ പരമ്പരയ്ക്ക് അഞ്ചാം സീസണോടെ തിരശ്ശീല വീഴ്ത്തുകയാണ്. എന്നാൽ ആരാധകർക്ക് ചെറിയൊരു ആശ്വാസം ബാക്കിയുണ്ട്; കഥ അവസാനിക്കുമ്പോഴും സ്ട്രേഞ്ചർ തിങ്‌സ് പ്രപഞ്ചത്തിൽ നിന്ന് പുതിയ കഥകളോ സ്പിൻ-ഓഫുകളോ ഉണ്ടാകാൻ സാധ്യതയുള്ള ഒരു 'നേർത്ത പ്രതീക്ഷ' സംവിധായകർ ബാക്കിവെക്കുന്നുണ്ട്.
ഹൊററും, വൈകാരിക നിമിഷങ്ങളും, ഗൃഹാതുരത്വമുണർത്തുന്ന 80-കളിലെ പശ്ചാത്തലവും ചേർത്തൊരുക്കിയ ഈ ദൃശ്യവിരുന്ന് ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചാണ് പടിയിറങ്ങുന്നത്.
Stranger Things final season
































