തിരുവനന്തപുരം: ( www.truevisionnews.com ) കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാൻസലറായി ഡോ. സിസ തോമസ് ചുമതലയേറ്റു. വിസി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയതോടെയാണ് സിസ തോമസ് ചുമതലയേറ്റത്. സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും മുന്‍പുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും സിസ തോമസ് പറഞ്ഞു. ഗവര്‍ണര്‍മാര്‍ നല്‍കിയ പിന്തുണയില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി.
ഡോ. സിസ തോമസിനെ വിസിയായി നിയമിക്കാൻ അനുവദിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി ഗവർണർക്ക് വഴങ്ങിയതോടെയാണ് പ്രതിസന്ധി അയഞ്ഞത്. സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി മുഖ്യമന്ത്രിക്ക് താൽപര്യമുള്ള ഡോ.സജി ഗോപിനാഥിനെയും നിയമിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച വിജ്ഞാപനം ലോക് ഭവൻ ഇന്നലെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി സിസയുമായി പോരിലായിരുന്ന സർക്കാർ അവരുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. റിട്ട. ജസ്റ്റിസ് സുധാoശു ധൂലിയ അധ്യക്ഷനായ സേർച്ച് കമ്മിറ്റിയോട് പാനലിൽ ഉൾപ്പെടുത്തിയവരുടെ മുൻഗണനക്രമം നിശ്ചയിച്ചു നൽകാൻ വെള്ളിയാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം സേർച്ച് കമ്മിറ്റി ഓൺലൈനായി രണ്ടാം തവണയും യോഗം കൂടുന്നതിനിടെ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും യോജിച്ച നിലപാടുകൾ സെർച്ച് കമ്മിറ്റി ചെയർമാനെ അറിയിക്കുകയായിരുന്നു. ദൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ സുപ്രീം കോടതിക്ക് കൈമാറും.
dr ciza thomas assumes charge as ktu vice chancellor after government governor consensus

































