മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മയോദ്ധാ എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് വിധി. കോട്ടയം കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് വിധി. തിരക്കഥാകൃത്ത് റെജി മാത്യു നല്‍കിയ പരാതിയിലാണ് കോടതി വിധി പറഞ്ഞത്.
മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്നായിരുന്നു റെജി മാത്യുവിന്റെ പരാതി. റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വിധിയില്‍ സന്തോഷമുണ്ടെന്ന് റെജി മാത്യു പ്രതികരിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടമാണ് നടന്നത്.
ഈ കാലയളവില്‍ സിനിമയില്‍ നിന്നു പോലും മാറി നില്‍ക്കേണ്ടി വന്നു. മേജര്‍ രവി ആവശ്യപ്പെട്ട പ്രകാരമാണ് കഥ എഴുതിയത്. പക്ഷെ, താന്‍ അറിയാതെ തിരക്കഥ മറ്റൊരാള്‍ക്ക് നല്‍കി സിനിമയാക്കുകയായിരുന്നു. ഇനി വീണ്ടും സിനിമയില്‍ സജീവമാകുമെന്നും റെജി മാത്യു പറഞ്ഞു. പതിമൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് റെജി മാത്യുവിന് അനുകൂലമായി വിധി വന്നത്.
2012 ലാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി മേജര്‍ രവി കര്‍മയോദ്ധാ പുറത്തിറക്കിയത്. മേജര്‍ രവി തന്നെ രചനയും സംവിധാനവും നിര്‍വഹിച്ചു എന്ന പേരിലായിരുന്നു സിനിമ പുറത്തിറങ്ങിയത്.
Major Ravi must pay Rs 30 lakh in compensation Court says Karmayoddha stole script

































