(moviemax.in) മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയമാകാൻ ഒരുങ്ങുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' റിലീസിനോടടുക്കുമ്പോൾ ആരാധകർക്ക് ആവേശമായി പുതിയ റിപ്പോർട്ടുകൾ.
ചിത്രത്തിലെ ആദ്യ ഗാനം 'കാറ്റ് തൊട്ടപ്പോൾ' മാർച്ച് 12 ആയ ഇന്ന് പുറത്തിറങ്ങും. അൻവർ അലി എഴുതി സുഷിൻ ശ്യാം സംഗീതം നൽകിയ ഈ ഗാനം സായ് പ്രഭയും കപിൽ കപിലനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
സ്പൈ ത്രില്ലർ വിഭാഗത്തിൽ മഹേഷ് നാരായണൻ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 2026 ഏപ്രിൽ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
ഇതിനോടകം പുറത്തിറങ്ങിയ ടൈറ്റിൽ ടീസറും പോസ്റ്ററുകളും ചിത്രത്തിന്റെ അന്താരാഷ്ട്ര നിലവാരം വിളിച്ചോതുന്നവയാണ്. നിലവിൽ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.
മമ്മൂട്ടിയും മോഹൻലാലും ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരങ്ങൾ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ബജറ്റിൽ ഒരുങ്ങുന്ന 'പേട്രിയറ്റ്' ഇന്ത്യ, ശ്രീലങ്ക, യുകെ, അസർബൈജാൻ, യുഎഇ എന്നിവിടങ്ങളിലായി ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് പൂർത്തിയായത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മനുഷ് നന്ദൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രേവതി, ദർശന രാജേന്ദ്രൻ, പ്രകാശ് ബെലവാടി തുടങ്ങി വലിയൊരു നിര തന്നെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മഹേഷ് നാരായണൻ തന്നെ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രം ആൻ മെഗാ മീഡിയയാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
Content Highlight: The first song of 'Patriot' will be released today



























