തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്. വിശദമായി ചോദ്യം ചെയ്യലിനായി ശ്രീകുമാറിനെ ഓഫീസിൽ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അൽപ സമയത്തിനകം വൈദ്യ പരിശോധന ഉൾപ്പെടെയുള്ളവ നടത്തി കൊല്ലം കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒരിടവേളക്ക് ശേഷമാണ് ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റുണ്ടാകുന്നത്. നേരത്തെ എം. പത്മകുമാർ, എൻ. വാസു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ പ്രതിചേർക്കപ്പെട്ട പലരും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ കൂട്ടത്തിലാണ് ശ്രീകുമാറും കോടതിയെ സമീപിച്ചത്.
ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉദ്യോഗസ്ഥ തലത്തിൽ വേറൊരു ഇടപെടലും നടത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്.
Sabarimala gold theft case: Former AO Sreekumar arrested


































