[moviemax.in] പ്രേക്ഷകർ കാത്തിരിക്കുന്ന മൂന്ന് പുതിയ മലയാള ചിത്രങ്ങൾ ഈ ആഴ്ച ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’, നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാർമ’, അഷ്‌കർ സൗദാൻ അഭിനയിച്ച ‘ബെസ്റ്റി’ എന്നിവയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഡിസംബർ 19 മുതൽ സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും. ക്രൈം കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു ഡിറ്റക്റ്റീവിന്റെ വേഷത്തിലാണ് എത്തുന്നത്.
ഗോകുൽ സുരേഷ്, വിജയ് ബാബു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂറും മൂന്ന് മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന്റെ തിരക്കഥ ഡോ. സൂരജ് രാജനും ഡോ. നീരജ് രാജനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് വിതരണക്കാർ.
ഫാർമ
നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാർമ’ ഡിസംബർ 19ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തും. മെഡിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന സീരീസിൽ എട്ട് എപ്പിസോഡുകളാണുള്ളത്.
പി.ആർ. അരുൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത സീരീസിൽ ദേശീയ അവാർഡ് ജേതാവായ രജത് കപൂർ ഉൾപ്പെടെയുള്ള ശക്തമായ താരനിര അണിനിരക്കുന്നു. മെഡിക്കൽ റെപ്രസെന്റേറ്റീവായ കെ.പി. വിനോദിന്റെ ജീവിതത്തിലുണ്ടാകുന്ന തൊഴിൽ സമ്മർദങ്ങളും പ്രതിസന്ധികളും ആസ്പദമാക്കിയാണ് കഥ മുന്നേറുന്നത്.
ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, നരേൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരും അഭിനയിക്കുന്നു.
ബെസ്റ്റി
ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ബെസ്റ്റി’ ഡിസംബർ 14 മുതൽ മനോരമ മാക്സിലൂടെ സ്ട്രീം ചെയ്യുന്നു. ഷഹീൻ സിദ്ദിഖ്, ശ്രവണ, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഫാമിലി കോമഡി ത്രില്ലർ വിഭാഗത്തിലാണ്.
ഷാഹിന-ഫൈസി ദമ്പതികളുടെ ജീവിതത്തിൽ ഉടലെടുക്കുന്ന ഒരു പ്രശ്നം നർമ മുഹൂർത്തങ്ങളിലൂടെ മുന്നേറി പിന്നീട് സസ്പെൻസ് ത്രില്ലറിലേക്ക് മാറുന്നതാണ് ചിത്രത്തിന്റെ കഥാസാരം.
OTT release,Dominic and the Ladies Purse,Pharma,Bestie



































