തിരുവനന്തപുരം: ( www.truevisionnews.com) ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ കടകംപള്ളി സുരേന്ദ്രന് എതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടകംപള്ളിക്ക് എതിരെ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. സ്വർണപ്പാളി ആർക്കാണ് കൊടുത്തത് എന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കണം എന്നാണ് പറഞ്ഞത്.
ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎം അക്രമി സംഘങ്ങൾ നടത്തുന്നത്. പൊലീസ് അത് നോക്കിനിൽക്കുന്നു. ബോംബ് പൊട്ടി കൈ പോയതിന് പടക്കം പൊട്ടി എന്നാണ് പൊലീസ് പറയുന്നത്.
പൊലീസിനെ പരിഹാസ പാത്രമാക്കുകയാണ് മുഖ്യമന്ത്രി. ആ സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല. ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കണമെന്നും ബോംബുണ്ടാക്കുന്നലനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
വളരെ ഹീനമായാണ് സിപിഐഎം തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രതികാരം ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ പ്രതിമ തല്ലി തകർക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ പ്രതിമ വികൃതമാക്കുന്നു. ഇതിനെല്ലാെ ശക്തമായ തിരിച്ചടി കേരളത്തിലെ ജനങ്ങൾ നൽകും. ഇതിനെയെല്ലാം ഞങ്ങൾ അതിശക്തമായ രീതിയിൽ പ്രതികരിക്കും. ഞങ്ങളുടെ പ്രവർത്തകരെ ഈ ക്രിമിനൽ സംഘങ്ങൾക്ക് വിട്ടുകൊടുക്കില്ല. പാർട്ടി സംരക്ഷിക്കും. ഏതറ്റം വരെയും പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
I stand by what I said against Kadakampally and will present evidence in court VD Satheesan


































