കൊച്ചി: (https://truevisionnews.com/) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള, എറണാകുളം നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കയറാൻ ശ്രമിച്ച ദമ്പതിമാരെ പിന്തിരിപ്പിച്ചു.
വിഗ്രഹത്തിൽ മാല ചാർത്താൻ വേണ്ടിയാണ് ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. ശ്രീകോവിലിന്റെ രണ്ട് ചവിട്ട് പടികൾ കയറി ശ്രീലകത്ത് എത്തുന്നതിന് മുൻപ് മേൽശാന്തി ഇരുവരെയും കണ്ടു.
ഓടിയെത്തിയ ഇദ്ദേഹം ഇരുവരെയും പിന്തിരിപ്പിച്ചു. ക്ഷേത്രത്തിൽ പരിഹാര കർമമായി ബുധനാഴ്ച വൈകുന്നേരം പരിഹാര ക്രിയയും ശുദ്ധി കലശവും നടത്താൻ നിശ്ചയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. മേൽശാന്തി ഈ സമയത്ത് ശ്രീകോവിലിന് പുറത്തായിരുന്നു. മാലയുമായി ഇവർ നിൽക്കുന്നത് കണ്ട് ക്ഷേത്രത്തിലെ മറ്റ് ഭക്തർ മേൽശാന്തിയെ വിവരം അറിയിച്ചു.
തുടർന്ന് മേൽശാന്തിയെത്തി ഇവരെ വിലക്കുകയായിരുന്നു. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിൽ ഭക്തർ വിഗ്രഹങ്ങളിൽ നേരിട്ട് മാല ചാർത്തുന്ന രീതിയുണ്ട്. കേരളത്തിലും അതുപോലെ ചെയ്യാനാകും എന്ന് തെറ്റിദ്ധരിച്ചാണ് ശ്രീകോവിലിൽ പ്രവേശിക്കാൻ ശ്രമിച്ചതെന്നാണ് ഇവർ മേൽശാന്തിയോട് പറഞ്ഞത്. വിവരമറിഞ്ഞ് രാത്രി ക്ഷേത്രം തന്ത്രിയെത്തി പുണ്യാഹം നടത്തി.
Couple turned away after attempting to enter the sanctum sanctorum of Dakshina Mookambika Temple


































