(moviemax.in) കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറിൽ എത്തുന്ന 'ബൾട്ടി'. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച ചിത്രമായിരിക്കും ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തുന്ന 'ബൾട്ടി' എന്ന് സൂചന നൽകിയിരിക്കുകയാണ് രണ്ട് മിനിറ്റ് 31 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയിലർ. സെപ്റ്റംബർ 26നാണ് 'ബൾട്ടി'യുടെ വേൾഡ് വൈഡ് റിലീസ്.
കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഓരോ സെക്കൻഡും രോമാഞ്ചം നൽകുന്നതാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ.
തീപ്പൊരി ആക്ഷനും ചടുല വേഗങ്ങളുമായി ഷെയിനും കൂട്ടരും പ്രേക്ഷക മനം കവരുമെന്ന് തന്നെയാണ് ട്രെയിലർ അടിവരയിടുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ്. 'ബൾട്ടി'യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.
'Balti' trailer out, film to release on September 26th