യുവനടി മാളവിക മോഹനൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മാളവികയെ, സിനിമയിലേക്ക് ഓഡിഷൻ ചെയ്തത് സാക്ഷാൽ മമ്മൂട്ടി ആയിരുന്നുവെന്നാണ് താരം പറയുന്നത്.
'തന്റെ ആദ്യ ഓഡിഷൻ ഒരു ഇതിഹാസ നടൻ ആയിരിക്കുമെന്ന് ആര് കരുതും?' എന്ന് കുറിച്ചുകൊണ്ടാണ് മാളവിക മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ചത്. മമ്മൂട്ടിയാണ് തന്നെ ഈ ചിത്രത്തിലേക്ക് നിർദ്ദേശിച്ചതെന്നും മാളവിക പോസ്റ്റിൽ ഓർത്തെടുക്കുന്നു. ചലച്ചിത്ര ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളാണ് മാളവിക.
"എന്റെ ജീവിതത്തിലെ ആദ്യ ഒഡിഷന്‍ ആയിരുന്നു ഇത്. അന്നിത് സംഭവിക്കുമ്പോൾ എനിക്കതിന്റെ ഗൗരവം ഒട്ടും മനസിലായിരുന്നില്ല. ആദ്യമായി ഒഡിഷന്‍ ചെയ്യുന്നത് ഒരു ഇതിഹാസ നടനായിരിക്കുമെന്ന് ആരാണ് കരുതുക? അവിശ്വസനീയമല്ലേ. ദുല്‍ഖര്‍ നായകനായുള്ള 'പട്ടം പോലെ' എന്ന സിനിമയുടെ കാസ്റ്റിങ് നടക്കുകയായിരുന്നു, ഒരു സെറ്റില്‍വെച്ച് മമ്മൂക്ക എന്നെ കണ്ടിരുന്നു. എന്നെ ചിത്രത്തിലേക്ക് ശിപാര്‍ശ ചെയ്തു. അങ്ങനെയാണ് എനിക്ക് എന്റെ ജീവിതത്തിലെ ആദ്യ അവസരം ലഭിക്കുന്നത് ഇന്ന് 'ഹൃദയപൂര്‍വ്വം' ഇത്രയധികം സ്‌നേഹം ഏറ്റുവാങ്ങുമ്പോള്‍, ഇതെല്ലാം എവിടെയാണ് തുടങ്ങിയതെന്ന് ഞാന്‍ ഓര്‍ത്തുപോവുകയാണ്." ഇൻസ്റ്റഗ്രാമിൽ മാളവിക കുറിച്ചു. നിരവധി പേരാണ് മമ്മൂട്ടിക്ക് ഇന്നലെ ആശംസകളുമായി എത്തിയത്.
അതേസമയം മാളവിക മോഹനൻ നായികയായെത്തിയ മോഹൻലാൽ ചിത്രം 'ഹൃദയപൂർവ്വം' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. സന്ദീപ് ബാലചന്ദ്രൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ എക്കാലത്തെയും മികച്ച സിനിമകളാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങിയിട്ടുള്ളത്, ഈ ലിസ്റ്റിലേക്കാണ് ഇപ്പോൾ ഹൃദയപൂർവ്വവും എത്തിയിരിക്കുന്നത്.
സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്.
'It was amazing, unbelievable': Mammootty's first film; Malavika Mohanan shares memories