കോട്ടയത്ത് സുധിലയം എന്ന വീട് കൊല്ലം സുധിയുടെ കുടുംബത്തിനായി നിർമ്മിക്കാൻ സ്ഥലം നൽകിയത് ബിഷപ്പ് നോബിൾ ഫിലിപ്പാണ്. ഏഴ് സെന്റ് സ്ഥലം ഫ്രീയായി അദ്ദേഹം വിട്ടുകൊടുത്തു. എന്നാൽ വീടുമായും സ്ഥലവുമായും പലവിധ വിവാദങ്ങൾ ഉണ്ടായശേഷം രേണു സുധി ബിഷപ്പിന് എതിരേയും രംഗത്ത് എത്തിയിരുന്നു. കുടുംബ സ്വത്തിൽ നിന്നുമാണ് ബിഷപ്പ് സുധിയുടെ കുടുംബത്തിനായി സ്ഥലം നൽകിയത്.
ബിഷപ്പിന്റെ പൗരോഹിത്യത്തേയും സ്വത്തിന്റെ ഉടമസ്ഥതയേയും അടക്കം ചോദ്യം ചെയ്യുന്ന തരത്തിലാണ് ബിഗ് ബോസിലേക്ക് പോകും മുമ്പുള്ള ഒരു അഭിമുഖത്തിൽ രേണു സംസാരിച്ചത്. ഇപ്പോഴിതാ രേണുവിന്റെ പിആർ ടീമും ഗുണ്ടകളും കാരണം ജീവനിൽ ഭയന്നാണ് താൻ കഴിയുന്നതെന്ന് പറയുകയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ്. ഫൈനൽ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
സൈബർ ബുള്ളിയിങ് നേരിടുന്നു. ബിഗ് ബോസിൽ പോകും മുമ്പ് റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട വീഡിയോയിൽ കുപ്പായത്തെ ബഹുമാനിച്ച് താൻ ബിഷപ്പിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് രേണു പറഞ്ഞിരുന്നു. ഒരു ബെഡ്റൂമും കിച്ചണും ഹാളും മാത്രമുള്ള വീട്ടിൽ താമസിച്ചിരുന്ന സാദു കുടുംബത്തിന് ആർ. ശ്രീകണ്ഠൻ നായർ അടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് സ്ഥലം ഞാൻ നൽകിയത്.
ചെറിയ പ്രായത്തിൽ തന്നെ സുവിശേഷവേലയ്ക്കായി ജീവിതം സമർപ്പിച്ചയാളാണ് ഞാൻ. ആദ്യം മിഷനറി വൈദീകനായി പ്രവർത്തിച്ചു. പിന്നീടാണ് ആംഗ്ലിക്കൻ സഭയുടെ ബിഷപ്പായി സ്ഥാനാരോഹണം കിട്ടിയത്. സമൂഹത്തിന് ഉപകാരപ്രദമാകുന്ന പ്രവൃത്തികൾ ചെയ്താണ് ഞാൻ മുന്നോട്ട് പോകുന്നത്.
പക്ഷെ രേണു എന്ന സ്ത്രീയുടെ അഭിമുഖങ്ങൾ പുറത്ത് വന്നശേഷം എനിക്ക് അതിനെല്ലാം തടസമാണ്. എനിക്ക് കിട്ടിയ കുടുംബ സ്വത്തിൽ നിന്നുമാണ് രേണുവിനും മക്കൾക്കും സ്ഥലം നൽകിയത്. പക്ഷെ രേണു പറഞ്ഞു എന്റെ സ്വത്തുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെന്ന്. എന്ത് യോഗ്യതയാണ് അവർക്ക് ഇത് പറയാനായി ഉള്ളത്. ഇനി സോഷ്യൽമീഡിയയിൽ എന്നെ അവഹേളിക്കുന്ന പ്രവൃത്തികൾ കണ്ടാൽ മാനനഷ്ടത്തിന് രേണുവിന്റേയും പിതാവിന്റേയും പേരിൽ കേസ് ഫയൽ ചെയ്യുക എന്നത് മാത്രമാണ് എനിക്കുള്ള മാർഗം.
പപ്പയുടെ സഹോദരിയുടെ സ്വത്താണ് എനിക്ക് എഴുതി തന്നത്. ഏകദേശം പന്ത‍്രണ്ട് ഏക്കറോളം സ്ഥലമുണ്ട്. എനിക്ക് ഒരു അപേക്ഷ മാത്രമേയുള്ളു ഇനി ആരെങ്കിലും രേണുവിനെ സഹായിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നല്ലത് പോലെ ആലോചിക്കണം. കഴിയുമെങ്കിൽ ലീഗൽ ഒപ്പീനിയൻ വാങ്ങണം. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്.
വളരെ സങ്കടത്തോടെയാണ് ഞാൻ ഇതെല്ലാം തുറന്ന് പറയുന്നത്. ഇതിന് മുമ്പും നിർധനരായ പത്തോളം കുടുംബങ്ങൾക്കും സ്ഥലം നൽകി ഞാൻ സഹായിച്ചിട്ടുണ്ട്. അത് അറിഞ്ഞിട്ടാണ് 24 ചാനൽ എന്നെ സമീപിച്ചത്. ഏഴ് സെന്റ് സ്ഥലമാണ് ഞാൻ നൽകിയത്. ജീവന് ഭീഷണിയായും ചില കാര്യങ്ങൾ നടക്കുന്നുണ്ട്. രേണു ബിഗ് ബോസിൽ പോയ ശേഷമാണ് അത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അസമയത്ത് വീട്ടിലേക്ക് വാഹനങ്ങൾ വന്ന് ഫോട്ടോ പകർത്തുന്നു, ഗൗരവത്തോടെ നോക്കുന്നു. എല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ചീത്ത വിളിച്ച് ഇന്റർനാഷണൽ ഫോൺ കോളുകൾ വരുന്നു. ബിഷപ്പ് വായടച്ച് വെക്കാനാണ് പറയുന്നത്. രേണു എന്റെ സഭാംഗം അല്ല. എന്തിന് അവർ എന്നെ അവഹേളിക്കുന്നു?. ഞാനുമായി യാതൊരു ബന്ധവും രേണുവിന് ഇല്ല. രേണു വന്നശേഷം മാനനഷ്ടത്തിന് കേസ് കൊടുക്കും. ജീവനിൽ ഭയന്നാണ് ഞാൻ കഴിയുന്നത്. രേണുവിന് ഒരുപാട് പിആർ വർക്കേഴ്സുണ്ട്. ഒന്നിനും മടിയില്ലാതെ തീരുമാനമെടുത്ത് ഇറങ്ങിയിരിക്കുകയാണ് ആ സ്ത്രീ. നിന്നെ എടുത്തോളം എന്ന രീതിയിലാണ് പലരും വീടിന് സമീപം വന്ന് പെരുമാറുന്നത്.
ആജാനുബാഹുക്കളായ ആളുകളാണ് വരുന്നത്. ഭയത്തോടെയാണ് ഞാൻ കഴിയുന്നത്. രേണുവിന്റെ കുടുംബത്തോട് സംസാരിക്കാറില്ല. അടിക്കാൻ ഇവർ ആളെ അയച്ചതായി പലരുടേയും അഭിമുഖങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. നിർത്തിയാൽ നിങ്ങൾക്ക് കൊള്ളാം എന്നാണ് ഒരു കൂട്ടർ കാറിൽ വന്ന് ഭീഷണിപ്പെടുത്തി പറഞ്ഞത്. പോലീസിനോടും പരാതിപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് പറയുന്നു.
Bishop Noble Philip says he lives in fear for his life because of Renu's PR team and goons