എല്ലാവരും ആകാംഷയോടെ കണ്ട വീഡിയോ, സമൂഹമാധ്യമങ്ങളിൽ ഈയടുത്ത് ഏറ്റവും കൂടുതൽ വൈറലായ വീഡിയോ ആയിരുന്നു ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയുടെ പ്രസവം. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനു മുൻപും ശേഷവുമുള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ദിയയുടെ ഡെലിവറി വ്ളോഗ് എട്ടു മില്യനിലേറെ ആളുകളാണ് കണ്ടത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അച്ഛൻ കൃഷ്ണകുമാർ.
''പ്രസവിക്കാൻ പോകുമ്പോൾ പല പെൺകുട്ടികൾക്കും ഒരു ഭയം ഉള്ളിലുണ്ടാകും. അവർ ഒറ്റയ്ക്കാണ് അകത്തുകയറുന്നത്. നല്ല പ്രൈവറ്റ് ആശുപത്രിയിൽ പോകാനുള്ള സാമ്പത്തിക സൗകര്യമുള്ളവർ കുറവാണ്. പലർക്കും കിട്ടാത്ത ഒരു സൗകര്യം ദിയ പ്രസവിച്ച ആശുപത്രിയിൽ ഉണ്ടായിരുന്നു. അമ്മ, സഹോദരങ്ങൾ, ഭർത്താവ് ആരെ വേണമെങ്കിലും അകത്ത് നിർത്താം. ''ഞങ്ങൾക്ക് ഈ ഭാഗ്യം കിട്ടിയില്ല.
ഞങ്ങൾ ഒറ്റയ്ക്കായിരുന്നു'' എന്നൊക്കെയാണ് പല സ്ത്രീകളും വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഞാനും മകനും കൂടിയിരുന്നാണ് ആ വീഡിയോ കണ്ടതെന്നും കഴിഞ്ഞപ്പോൾ ഇത്രയും അമ്മയ്ക്ക് വേദനിച്ചോയെന്ന് മോൻ ചോദിച്ചെന്നൊക്കെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. പല കുടുംബങ്ങളിലും പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഈ വീഡിയോ സൃഷ്ടിച്ചത്. വ്യത്യസ്തമായൊരു കമന്റ് വന്നു. അത് പ്രേക്ഷകർ ഏത് രീതിയിലെടുക്കുമെന്നറിയില്ല. സ്ത്രീകളോടുള്ള അക്രമവാസന ഒരളവ് വരെ ഇത് കാണുന്നവർ കുറയ്ക്കാൻ സാധ്യതയുണ്ടെന്നായിരുന്നു എന്നാണ് കമന്റ്.
പല കുടുംബങ്ങളിലും വലിയൊരു ചർച്ചയ്ക്കു തന്നെ ആ വീഡിയോ കാരണമായി. എപ്പിഡ്യൂറൽ ഇഞ്ചക്ഷൻ എടുത്തതിനു ശേഷമുള്ള വേദനയാണ് ആ കണ്ടത്. നോർമൽ ഡെലിവറിയുടെ മലയാളം പരിഭാഷ സുഖപ്രസവം എന്നാണല്ലോ. പക്ഷേ, ഇതത്ര സുഖമുള്ള പരിപാടിയല്ല. വേദനയുടെ കാര്യം മാത്രമല്ല, ലേബർ റൂമിനകം അത്ര സുഖകരമല്ല. ആ അവസ്ഥ മാറണം. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കുറേപ്പേർ വീഡിയോയ്ക്കു താഴെ പ്രതികരിച്ചു. ആളുകൾ ചിന്തിക്കട്ടെ. വിമർശനവും വരണം. വിമർശനമില്ലെങ്കിൽ ഞാൻ നന്നാകില്ല'', കൃഷ്ണകുമാർ പറഞ്ഞു.
Krishnakumar talks about Diya's delivery vlog