(moviemax.in) തമിഴ് സിനിമയിൽ വീണ്ടും എഐ വിവാദം. രാഞ്ജന സിനിമയിലെ ക്ലൈമാക്സ് എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് നടൻ ധനുഷ് ആണ് പ്രതികരിച്ചിരിക്കുന്നത്. എഐ ഉപയോഗിച്ച് കലാസൃഷ്ടിക്ക് മാറ്റം വരുത്തുന്നത് സിനിമയുടെ സത്യസന്ധതയ്ക്ക് ഭീഷണിയാണ് എന്നാണ് ധനുഷ് പ്രതികരിച്ചത്. ഇത് തടയാൻ നിയമമുണ്ടാക്കണമെന്നും നടൻ പറഞ്ഞു. ക്ലൈമാക്സിൽ മരിച്ച നായകനെ എഐ ഉപയോഗിച്ച് ജീവൻ നൽകിയതാണ് വിവാദമുണ്ടാക്കാൻ കാരണമായത് .
2013 ൽ പുറത്തിറങ്ങിയ ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് രാഞ്ജന. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ഒരു തമിഴ് യുവാവ് മുസ്‌ലിം പെൺകുട്ടിയുമായി പ്രണയത്തിലാവുന്നതാണ് കഥ. 12 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ ക്ലൈമാക്സ് എഐ ഉപയോഗിച്ച് മാറ്റിയരീതിയിലാണ് പുറത്തിറങ്ങിയത്. സിനിമയുടെ യഥാർത്ഥ ക്ലൈമാക്സിൽ ധനുഷിന്റെ കഥാപാത്രമായ നായകൻ വെടിയേറ്റ് ആശുപത്രിയിൽ വെച്ച് മരിക്കുന്നതായാണ് കാണിക്കുന്നത് അതിൽ നിന്നും വ്യത്യസ്തമായി ആശുപത്രിയിൽ നിന്നും കണ്ണ് തുറക്കുന്നതായാണ് മാറ്റിയിരിക്കുന്നത്. നായകൻ മരിക്കുന്നു എന്ന ഒരു ദുരന്തപൂർണമായ ക്ലൈമാക്സിൽ നിന്നും നായകൻ ജീവനോടെ തിരിച്ചു വരുന്ന സന്തോഷകരമായ ക്ലൈമാക്സ് ആണ് പുതിയ പതിപ്പിൽ നൽകിയിരിക്കുന്നത്.
നിർമാണ കമ്പനിയായ ഇറോസ് ഇൻ്റർനാഷണൽ തങ്ങളുടെ അറിവോടെയല്ല ഇപ്രകാരം മാറ്റം വരുത്തിയതെന്നും നടൻ ധനുഷ് പറയുന്നു. നേരെത്തെ സംവിധായകൻ ആനന്ദ് എൽ. റായിയും ഈ മാറ്റത്തിനെതിരെ രംഗത്തു വന്നിരുന്നു. സിനിമയുടെ ആത്മാവ് തന്നെ ചോർത്തികളയുന്ന രീതിയിലാണ് മാറ്റം വന്നിരിക്കുന്നത് കലാസൃഷ്ട്ടി ഇത്തരത്തിൽ മാറ്റം വരുത്തുന്നത് സിനിമയ്ക്ക് നല്ലതല്ല എന്നാണ് ധനുഷ് പറയുന്നത്. സിനിമയുടെ പൈതൃകത്തെയും കഥ പറയുന്ന രീതിയെയും ഭീഷണിപ്പെടുത്തുന്നതാണ് ഇങ്ങനെയുള്ള മാറ്റങ്ങൾ എന്നും ധനുഷ് കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കുന്ന നിയമ നടപടികൾ ഉണ്ടാവണം എന്നും ധനുഷ് പറഞ്ഞു.
Dhanush protests against the change of climax of Raanjana movie