(moviemax.in) 40 കോടി സബ്സ്ക്രൈബർമാരെ നേടി ചരിത്ര നേട്ടത്തിൽ ജിമ്മി ഡൊണാൾഡ്സൺ എന്ന മിസ്റ്റർ ബീസ്റ്റ്. 2025 ജൂൺ ഒന്നിനാണ് തൻ്റെ ചാനൽ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററാണ് ഇദ്ദേഹമെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്തു. ഈ വലിയ നേട്ടത്തിന് യൂട്യൂബ് മിസ്റ്റർ ബീസ്റ്റിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു പ്ലേ ബട്ടൺ സമ്മാനിച്ചു. യൂട്യൂബ് സിഇഒ ആയ നീൽ മോഹൻ ആണ് പ്ലേ ബട്ടൺ കൈമാറിയത്. സിഇഒയിൽ നിന്ന് പ്ലേ ബട്ടൺ സ്വീകരിക്കുന്ന ചിത്രങ്ങൾ മിസ്റ്റർ ബീസ്റ്റ് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചു.
2012-ൽ കൻസാസിലെ വീട്ടിൽ നിന്നാണ് 27-കാരനായ ഡൊണാൾഡ്സൺ ആദ്യ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നത്. ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ വീഡിയോകൾക്ക് കാഴ്ചക്കാരെ ലഭിച്ചില്ല. എന്നാൽ, 2017-ൽ 100,000 വരെ ഉറക്കെ എണ്ണുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി. വൈറലായ ആ വീഡിയോ അദ്ദേഹത്തെ ഒരു സോഷ്യൽ മീഡിയ താരമാക്കി മാറ്റി.
യൂട്യൂബ് അൽഗോരിതം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് താൻ ആദ്യത്തെ അഞ്ച് വർഷങ്ങളിൽ ഗവേഷണം ചെയ്തതായി റോളിംഗ് സ്റ്റോൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഏകദേശം 1 ബില്യൺ യുഎസ് ഡോളറാണ് മിസ്റ്റർ ബീസ്റ്റിന്റെ ഇപ്പോഴത്തെ ആസ്തി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബ് ചാനലും ഇന്ത്യയിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് ചെയ്ത യൂട്യൂബ് ചാനലുമായി ടി-സീരീസ് മാറിയിരുന്നു. അന്ന് ടി-സീരീസിനെ തമാശരൂപേണ ഒരു മത്സരത്തിനായി മിസ്റ്റർ ബീസ്റ്റ് ക്ഷണിച്ചിരുന്നു. സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ടി-സീരീസിനെ മറികടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.
ആ സമയത്ത് ടി-സീരീസിന് 265,000,000 സബ്സ്ക്രൈബർമാരും മിസ്റ്റർ ബീസ്റ്റിന് 258,320,114 സബ്സ്ക്രൈബർമാരുമാണ് ഉണ്ടായിരുന്നത്. ഏകദേശം 6.6 ദശലക്ഷം സബ്സ്ക്രൈബർമാരുടെ വ്യത്യാസമാണ് അന്നുണ്ടായിരുന്നത്. പറഞ്ഞതുപോലെ തന്നെ മിസ്റ്റർ ബീസ്റ്റ് ഈ വെല്ലുവിളിയിൽ വിജയിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ.
Mr. Beast sets world record on YouTube