(moviemax.in) ഇന്ത്യൻ സംസ്കാരത്തിൽ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോർത്തിണക്കിയ ഇതിഹാസ കഥയുമായി എത്തിയ ചിത്രമാണ് 'മഹാവതാർ നരസിംഹ'. ജൂലൈ 25 ന് പ്രദർശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്തത് അശ്വിൻ കുമാർ ആണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങൾ ആണ് വൈറലാകുന്നത്.
തിയേറ്ററിനുള്ളിൽ ഭജന പാടുകയും കൈകൂപ്പി പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രേക്ഷകരുടെ വീഡിയോ ആണ് ട്രെൻഡിങ് ആകുന്നത്. ഒരു വിഭാഗം പ്രേക്ഷകർ ചെരുപ്പുകൾ അഴിച്ചുവെച്ച് തിയേറ്ററിനുള്ളിൽ പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടികളും പ്രായമായവരുൾപ്പെടെയുള്ളവരും സിനിമയെ വലിയ തോതിൽ ആഘോഷിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ആനിമേഷൻ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. അതേസമയം, വമ്പൻ വിജയത്തിലേക്കാണ് സിനിമ നീങ്ങുന്നത്.
ആഗോള ബോക്സ് ഓഫീസിൽ നിന്നും 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ആദ്യ ദിനം 1.75 കോടിയിൽ തുടങ്ങിയ സിനിമ തുടർന്നുള്ള ദിവസങ്ങളിൽ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. ചിത്രം വൈകാതെ 50 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിലെത്തിക്കുന്ന ചിത്രം, ഇന്ത്യൻ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷൻ മാജിക് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. സാം സി എസ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.
ഇന്ത്യൻ ആനിമേഷന്റെ സിനിമാറ്റിക് നാഴികക്കല്ലാണ് 'മഹാവതാർ നരസിംഹ'. വിശ്വാസം, നിർഭയത്വം, നീതിമാന്മാരെ സംരക്ഷിക്കുന്ന ദിവ്യാത്മാവ് എന്നീ പ്രതീകങ്ങളുടെ ആഘോഷമാണ് ഇന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള ആദ്യ ചിത്രങ്ങളിലൊന്നായി എത്തുന്ന ഈ ചരിത്ര ആനിമേഷൻ വിസ്മയത്തിലൂടെ നടത്തുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഇന്ത്യൻ പുരാണങ്ങളെ സ്നേഹിക്കുന്നവർക്കും ഒരുപോലെ ആവേശം പകരുന്ന ഈ ചിത്രം, പ്രേക്ഷക മനസ്സുകളെ ഒരേ സമയം ത്രസിപ്പിക്കുകയും ആത്‌മീയമായി ഉയർത്തുകയും ചെയ്യുന്ന മറക്കാനാവാത്ത ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.
https://x.com/MahavatarTales/status/1949076713763475514
https://x.com/TheJassSpeaks/status/1948730724493791337
Reactions of audience watching Mahavatar Narasimha movie go viral