( moviemax.in ) മരിച്ച നിലയില്‍ കണ്ടെത്തിയ പാകിസ്താനി നടി ഹുമൈറ അസ്ഗറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഒമ്പതുമാസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൂടി പുറത്തുവന്നത്. കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചൊവ്വാഴ്ചയാണ് ഹുമൈറയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഹുമൈറയുടെ മൃതദേഹം അങ്ങേയറ്റം അഴുകിയ നിലയിലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന അവയവങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചുരുങ്ങിയ നിലയിലാണ്. നടിയുടെ മുഖവും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും പേശികള്‍ നശിച്ചിരുന്നു. അസ്ഥികള്‍ തൊടുമ്പോള്‍ പൊടിഞ്ഞുപോകുന്ന നിലയിലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓട്ടോലിസിസ് പ്രക്രിയയിലൂടെ മസ്തിഷ്‌കം പൂര്‍ണമായി അഴുകിപ്പോയി. ആന്തരികാവയവങ്ങള്‍ കറുപ്പുനിറമായി മാറിയിരുന്നു. അസ്ഥികളില്‍ ഒടിവുള്ളതായി കണ്ടെത്തിയിട്ടില്ല. തലയോട്ടിയും നട്ടെല്ലും കേടുപാടുകളില്ലാത്ത നിലയിലാണ്. അതേസമയം സുഷുമ്‌നാ നാഡി (സ്‌പൈനല്‍ കോഡ്) പൂര്‍ണമായി നശിച്ചുപോയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള പ്രാണികള്‍ ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍ പുഴുക്കളുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ഇത്രയേറെ അഴുകിയതിനാല്‍ നിലവിലെ അവസ്ഥയില്‍ കാരണം കണ്ടെത്തുക ദുഷ്‌കരമാണ്. ഡിഎന്‍എ പ്രൊഫൈലിങ്, ടോക്‌സിക്കോളജി തുടങ്ങിയ പരിശോധനകളില്‍ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാടക കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അപ്പാര്‍ട്ട്‌മെന്റില്‍ ഹുമൈറയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റില്‍ വൈദ്യുതിബന്ധം ഉണ്ടായിരുന്നില്ല. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതാണ്.
കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍) അനുസരിച്ച് അവസാന കോള്‍ ചെയ്തത് 2024 ഒക്ടോബറിലാണെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സയ്യിദ് അസദ് റാസ പറഞ്ഞു. സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് അയല്‍വാസികള്‍ ഹുമൈറയെ അവസാനമായി കണ്ടതെന്നും പോലീസ് പറയുന്നു.
വീട്ടിലെ ഭക്ഷണം മാസങ്ങളായി പഴകിയതാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'കുപ്പികള്‍ക്ക് തുരുമ്പെടുത്തിരുന്നു. ആറ് മാസത്തോളം പഴക്കമുള്ള ഭക്ഷണമാണുണ്ടായിരുന്നത്.'-ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
അതേനിലയിലുള്ള രണ്ടാമത്തെ അപാര്‍ട്ട്‌മെന്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ദുര്‍ഗന്ധം അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ ചില താമസക്കാര്‍ മടങ്ങിയെത്തിയപ്പോഴേക്കും ദുര്‍ഗന്ധം കുറഞ്ഞിരുന്നു. അവരുടെ ഒരു ബാല്‍ക്കണി വാതില്‍ തുറന്നുകിടക്കുകയായിരുന്നു. വീടിനുള്ളിലെ പൈപ്പുകള്‍ തുരുമ്പെടുത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Pakistani actress's postmortem report released