അന്തരിച്ച ഭർത്താവ് നടൻ കൊല്ലം സുധിയുടെ ഓർമകൾ പങ്കുവെച്ച് രേണു സുധി. 2023 ജൂൺ അഞ്ചിനാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. മരണം രേണുവിന് വലിയ ആഘാതമായിരുന്നു. അന്ന് അധികമാരും അറിയാത്ത ചില സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് രേണു സുധി പറയുന്നു. മെയിൻസ്ട്രീം വണ്ണിനോടാണ് പ്രതികരണം. മരിക്കുന്നതിന്റെ തലേദിവസം സുധിക്ക് പല്ലു വേദന ഉണ്ടായിരുന്നെന്ന് രേണു പറയുന്നു.
സുധി ചേട്ടനും കുഞ്ഞിനും ഒരേ സമയത്താണ് പല്ല് വേദന വന്നത്. കുഞ്ഞിന് നീര് വന്നിട്ടുണ്ട്. ഏട്ടൻ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഞാൻ ആദ്യം വിളിച്ചത് അനിയത്തി ആര്യയെയാണ്. ആര്യേ, എനിക്കൊന്നും അറിയത്തില്ല, സുധി ചേട്ടൻ പോയി, എന്തോ പറ്റിയിട്ടുണ്ട്. കൊച്ചിനെ വേഗം ആശുപത്രിയിൽ കൊണ്ട് പൊയ്ക്കോ എനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ സുധി ചേട്ടൻ തലേന്ന് പറഞ്ഞതാണ്. അവളും കൂട്ടുകാരിയും കൂടി ആശുപത്രിയിലേക്ക് ഒറ്റ പോക്ക്. താലൂക്ക് ആശുപത്രിയാണ്. അപ്പോൾ ടിവിയിൽ സുധി ചേട്ടൻ മരിച്ച വാർത്ത കാണിക്കുന്നുണ്ട്.
കുഞ്ഞിന്റെ വായയിൽ പഴുപ്പായിരുന്നു. എങ്ങനെ അത് സംഭവിച്ചെന്നറിയില്ല. ഒറ്റ നിമിഷം കൊണ്ടാണ് നീര് വന്ന് വീർത്തത്. അതുവരെ കുഞ്ഞിന് വേദനയില്ലായിരുന്നു. സുധി ചേട്ടന്റെ കൊച്ചാണെന്ന് പറഞ്ഞപ്പോൾ വേഗം കയറ്റി വിടാൻ പറഞ്ഞു. കൊച്ചിന് സീരിയസാണ് നിങ്ങൾ ഇഎസ്ഐയിലേക്ക് കൊണ്ട് പോകണമെന്ന് ഡോക്ടർ അനിയത്തിയോട് പറഞ്ഞു. അവൾക്ക് കരയാൻ പറ്റുന്നില്ല. സുധി ചേട്ടൻ മരിച്ചതിന്റെ ആഘാതവും കുഞ്ഞിന്റെ ഈ പ്രശ്നവും. എനിക്ക് കുഞ്ഞിനെ നോക്കാൻ പറ്റുന്നില്ല. അന്നത്തെ ദിവസം കുറേ അനുഭവിച്ചു.
നെഗറ്റീവ് പറയുന്ന ആർക്കും അറിയാത്തതാണ് ഞാനന്ന് അനുഭവിച്ചത്. എനിക്ക് വലിയൊരു ശൂന്യതയായിരുന്നു പൊട്ടിക്കരയാൻ പോലും പറ്റുന്നില്ല. കണ്ണ് നീരൊന്നുമില്ല. വേറൊരു ലോകത്തായി പോയിരുന്നെന്നും രേണു സുധി ഓർത്തു. മരിച്ച വിവരം അറിഞ്ഞ നിമിഷവും രേണു സുധി ഓർത്തെടുത്തു. കോളനി ഭാഗത്താണ് ഞങ്ങൾ അന്ന് താമസിച്ചിരുന്നത്. നല്ല അയൽവക്കക്കാരായിരുന്നു.
മരണ വിവരം ഞാൻ അറിയാത്തത് കൊണ്ട് 24 ന്യൂസിനെ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ സുധിയൊക്കെ പോയ വണ്ടി ആക്സിഡന്റായി, സുധിക്ക് കുഴപ്പമൊന്നുമില്ല, കാലോ കെെയോ ഒടിഞ്ഞെന്ന് അപ്പുറത്തെ ചേച്ചി പറഞ്ഞു. ബിനു ചേട്ടന് (ബിനു അടിമാലി) കുഴപ്പമൊന്നും പറ്റിയില്ലല്ലോ എന്നാണ് ഞാൻ ചോദിച്ചത്.
സുധി ചേട്ടൻ മരിച്ചെന്നോ എന്തെങ്കിലും പറ്റിയെന്നോ എന്റെ മനസിൽ പോലും ഇല്ല. സുധി ചേട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ഓരോ വീടും കയറിയിറങ്ങി ഞാൻ ചോദിക്കുകയാണ്. ഞാൻ കിണറ്റിൻ കരയിൽ ഇരിക്കുമ്പോൾ അപ്പുറത്തെ സെെഡിൽ നിന്ന് ഒരു കുട്ടി വന്ന് ചേച്ചീ, ബോഡി എങ്ങോട്ടാ കൊണ്ട് വരുന്നതെന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മനസിലായി. അത് വല്ലാത്തൊരു നിമിഷമായിരുന്നു. തലയിൽ നിന്നും കിളി പറന്നത് പോലെ.
ഇടയ്ക്കിടയ്ക്ക് ബോധം പോകും. അന്ന് ആ മരണം ഉൾക്കൊള്ളാനുള്ള മനക്കട്ടി തനിക്കില്ലായിരുന്നെന്നും രേണി സുധി ഓർത്തു. സുധി ചേട്ടൻ എന്നെ അവസാനമായി നോക്കിയത് മറക്കാൻ പറ്റില്ല. മുഖം വാടിയിരുന്നു. പെട്ടെന്ന് ഇരുട്ട് കയറിയത് പോലെ. മരണത്തിന് കുറച്ച് മണിക്കൂറുകൾ മുന്നേയാണ് നോക്കിയത്. സുധി ചേട്ടന്റെ ആത്മാവാണ് നോക്കിയതെന്ന് കരുതുന്നെന്നും രേണു സുധി പറയുന്നു.
renusudhi recalls day kollamsudhi death shares unknown incidents