ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഭാഗമായശേഷം വിവാദങ്ങൾ കൊണ്ട് വലിഞ്ഞ് മുറുക്കിയ ജീവിതമായിരുന്നു ജാസ്മിൻ ജാഫറിന്റേത്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ടാഗിലാണ് ജാസ്മിൻ ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. ഷോയിൽ വെച്ച് ഗബ്രിയുമായി സൗഹൃദം ആരംഭിച്ചു. സൗഹൃദത്തിനും അപ്പുറം ഒരു ബന്ധം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് അക്കാലത്ത് പ്രചരിച്ചിരുന്നു.
അതുകൊണ്ട് തന്നെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സൽ അമീർ വിവാഹത്തിൽ നിന്നും പിന്മാറി. ഒപ്പം അസ്ല മാർലി അടക്കമുള്ള സുഹൃത്തുക്കളും ജാസ്മിനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയും ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പത്തെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ മുറിഞ്ഞ് പോയ പഴയ സൗഹൃദങ്ങൾ വീണ്ടും വിളക്കി ചേർത്ത് എടുക്കാൻ ജാസ്മിന് സാധിച്ചു.
അഫ്സൽ അമീർ വിവാഹിതനായപ്പോൾ ആദ്യം ആശംസ നേർന്ന് എത്തിയത് ജാസ്മിനായിരുന്നു. അതുപോലെ അസ്ല മാർലിക്ക് കുഞ്ഞ് പിറന്നപ്പോൾ ഗബ്രിക്കൊപ്പമാണ് ജാസ്മിൻ കാണാൻ എത്തിയത്. ആ രംഗങ്ങൾ വീഡിയോയാക്കി അസ്ല മാർലി സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
മുമ്പ് വേദനിപ്പിച്ച ആളുകളെ എന്തിനാണ് ജീവിതത്തിൽ വീണ്ടും നിലനിർത്തുന്നതെന്നും ആത്മാഭിമാനമില്ലേയെന്നും ആരാധകർ ചോദിച്ചപ്പോൾ ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എനിക്ക് ആത്മാഭിമാനമില്ലെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് കുറച്ച് ആത്മാഭിമാനമുണ്ട്. പക്ഷെ ഞാൻ ദേഷ്യപ്പെടുമ്പോഴോ പക വെയ്ക്കുമ്പോഴോ ഞാൻ എന്നെ തന്നെയാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്.
അതിനാൽ ആരുമായും വഴക്കുണ്ടാക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു.കാരണം ആളുകൾ എന്നെ വേദനിപ്പിച്ചതിന് അവരുടേതായ കാരണങ്ങളുണ്ടായിരുന്നതിനാലാകും. ഞാനും പൂർണയല്ല. ഞാനും തെറ്റുകൾ ചെയ്തിട്ടുണ്ട്.
ക്ഷമിക്കുന്നത് സ്വാഭാവികമാണ്. അതിനാൽ എനിക്ക് ആരോടും പരാതിയോ പകയോ ഇല്ല. ഇത്രയും ഞാൻ പറഞ്ഞതുകൊണ്ട് എനിക്ക് ആത്മാഭിമാനമില്ലെന്ന് ചിലർ കരുതുന്നുവെങ്കിൽ ഒരുപക്ഷെ ചില വിധങ്ങളിൽ അത് ശരിയാണ്. പക്ഷേ ദയയും ക്ഷമയും ഉള്ളവരായിരിക്കുക. അതെ. ഞാൻ ഇങ്ങനെയാണ്... എന്നാണ് ജാസ്മിൻ മറുപടിയായി കുറിച്ചത്.
എന്തെങ്കിലും സാഹചര്യത്തിൽ പിണങ്ങിയവരുമായി വീണ്ടും സൗഹൃദം കൂടണമെന്ന് തോന്നിയാൽ താൻ അത് ചെയ്യുമെന്ന് മുമ്പൊരിക്കൽ ജാസ്മിൻ വിഷയത്തിൽ പ്രതികരിക്കവെ അസ്ല മാർലി പറഞ്ഞിരുന്നു. സ്കൂളിലും കോളേജിലും പല ബന്ധങ്ങൾ വഴക്കിട്ട് പോയിട്ടുണ്ടാകും. അത് കുറേ വർഷങ്ങൾ കഴിഞ്ഞാൽ പാച്ചപ്പ് ആയിട്ടുമുണ്ട്.ഏത് റിലേഷൻഷിപ്പിലായാലും ആ ബന്ധത്തിൽ നിന്നപ്പോൾ എത്രത്തോളം മുറിവ് കിട്ടിയിട്ടുണ്ട്... എന്താണ് അതിൽ നിന്ന് കിട്ടിയ അനുഭവങ്ങൾ എന്നതിനുസരിച്ചാണ് പിന്നീട് കോൺടാക്ട് ചെയ്യുമോ ഇല്ലയോ എന്നുള്ളത്. എനിക്ക് നല്ലതെന്ന് തോന്നുന്നതെന്താണോ അതേ ഞാൻ ചെയ്യുള്ളൂ. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നാൽ ഇനിയും പ്രശ്നങ്ങളാണെങ്കിൽ ഉറപ്പായും ആ കോൺടാക്ട് നിലനിർത്തില്ല.
അതല്ല കുറച്ച് കാലം കഴിഞ്ഞ് കോൺടാക്ട് ചെയ്യണമെന്ന് തോന്നിയാൽ ഉറപ്പായും ഞാൻ കോൺടാക്‌ട് ചെയ്യും എന്നായിരുന്നു അസ്ല മാർലി അന്ന് പറഞ്ഞത്. 2025ൽ ചെയ്ത ഏറ്റവും സന്തോഷം നൽകിയ കാര്യം എന്താണെന്നതിനും ജാസ്മിൻ മറുപടി പറഞ്ഞു. ഈ വർഷം അഞ്ച് രാജ്യങ്ങളിലേക്ക് ഞാൻ യാത്ര ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. മുമ്പ് ഞാൻ കൂട്ടിൽ അടയ്ക്കപ്പെട്ട പക്ഷിയായിരുന്നു. എന്നിട്ടും എങ്ങനെയോ ഞാൻ അത് ചെയ്തു.എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിനേക്കാൾ അത് എന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് ജാസ്മിൻ പറഞ്ഞത്. 2026ൽ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്താണെന്ന ചോദ്യത്തിന് എന്റെ തലച്ചോറ് പറയുന്നതിനേക്കാൾ എന്റെ ഹൃദയത്തിൽ നിന്നുള്ള കാര്യങ്ങൾ കേട്ടാണ് ഞാൻ പ്രവർത്തിക്കുന്നത്.
2026ൽ അത് ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. യുക്തിയോടെയുള്ള ഹൃദയം, വ്യക്തതയോടെയുള്ള വികാരം... എന്ന് കരുതി ഇത് തന്റെ ന്യൂ ഇയർ റെസലൂഷനൊന്നും അല്ലെന്നും ജാസ്മിൻ പറഞ്ഞു.
Jasmine Asla Marley relationship, took Gabri to meet Asla's baby



































