[moviemax.in] ക്രിസ്മസ് ദിനത്തിൽ ബാലതാരം ദേവനന്ദ പങ്കുവച്ച ഒരു മനോഹരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ‘ഉണ്ണി പുൽക്കൂട്ടിൽ പിറന്ന ഓർമയ്ക്കായി, ഉണ്ണിയുമായി വീട്ടിലേക്ക്.
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ക്രിസ്‌മസ് കാരൾ സംഘത്തിനൊപ്പം വീട്ടിലെത്തുന്ന ദേവനന്ദ, ഉണ്ണിശോയെ കിടത്തിയ താലം വീട്ടിലെ പൂജാമുറിയിൽ വയ്ക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്.
പശ്ചാത്തലത്തിൽ കാരൾ സംഘത്തിന്റെ ഗാനവും കേൾക്കാം. ഇതോടൊപ്പം ക്രിസ്‌മസ് ആശംസകൾ അറിയിച്ചുകൊണ്ടുള്ള മറ്റൊരു റീലും ദേവനന്ദ പങ്കുവച്ചിട്ടുണ്ട്. ക്രിസ്‌മസ് തീമിലുള്ള വസ്ത്രധാരണത്തിലും അലങ്കാരങ്ങൾക്കിടയിലുമായി, ക്രിസ്‌മസ് തൊപ്പിയണിഞ്ഞ് നിറഞ്ഞ ചിരിയോടെ ആശംസകൾ അറിയിക്കുന്ന ദേവനന്ദയുടെ ദൃശ്യങ്ങൾക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
‘മാളികപ്പുറം’ എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലൂടെയാണ് ദേവനന്ദ മലയാളികളുടെ പ്രിയതാരമായി മാറിയത്. 2018ൽ ‘തൊട്ടപ്പൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ദേവനന്ദ, ഇതിനകം 20ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Devananda's video conveying Christmas wishes attracts attention

































