[moviemax.in] ഇന്ത്യൻ സിനിമാലോകം അസൂയയോടെ തിരിഞ്ഞുനോക്കിയ ഒരു വർഷമെന്ന വിശേഷണത്തിൽ തന്നെ 2025ലെ മലയാള സിനിമയെ ചുരുക്കാം. ത്രില്ലറും ഹൊററും കോമഡിയും ഫീൽഗുഡും ഒരുപോലെ നിറഞ്ഞുനിന്ന, ബോക്‌സ് ഓഫീസ് കണക്കുകൾകൊണ്ട് ചരിത്രമെഴുതിയ വർഷം.
മുന്നൂറ് കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് മലയാളം എന്ന ചെറിയ ഇൻഡസ്ട്രി ആത്മവിശ്വാസത്തോടെ കുതിച്ചുയർന്ന കാലഘട്ടം. കോടി ക്ലബുകളുടെ സ്കോർബോർഡിൽ തോളൊപ്പിച്ച് മോഹൻലാൽ തേരോട്ടം നടത്തിയതും, അഭിനയത്തിന്റെ പതിവുചട്ടങ്ങൾ പൊളിച്ച് മമ്മൂട്ടി ചേട്ടനായും മൂത്തോനായും സ്റ്റാൻലി ദാസായും പുതിയ തലമുറയ്ക്കൊപ്പം നിറഞ്ഞാടിയതും ഈ വർഷത്തിന്റെ പ്രത്യേകതയായി.
പി.പി. അജേഷ് എന്ന കഥാപാത്രമായി ബേസിൽ ജോസഫ് സ്വന്തം ഇടം ഉറപ്പിച്ച വർഷം കൂടിയായിരുന്നു ഇത്. നസ്ലിനും സന്ദീപും ഇവിടെ നിൽക്കാനുള്ളവരാണെന്ന് ഉറപ്പിച്ചപ്പോൾ, പ്രണവ് മോഹൻലാൽ എഴുതി തള്ളാൻ കഴിയാത്ത സാന്നിധ്യമാണെന്ന് വീണ്ടും ഓർമിപ്പിച്ചു.
മലയാള സിനിമയുടെ പുതിയ മുഖങ്ങളായി കല്യാണിയും അനശ്വര രാജനും തിളങ്ങി നിന്നതോടെ, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അഭിമാനത്തോടെ മലയാളം തല ഉയർത്തിപ്പിടിച്ച 365 ദിവസങ്ങളാണ് പിന്നിലായത്.
2025ന്റെ തുടക്കം തന്നെ ടൊവീനോ തോമസ് നായകനായെത്തിയ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യോടെയായിരുന്നു. ശരാശരി വിജയം നേടിയ ഈ ചിത്രം വർഷത്തിന്റെ തുടക്കം മോശമാക്കിയില്ല. അതിന് പിന്നാലെ നിശബ്ദമായി എത്തി വൻവിജയം കുറിച്ച സിനിമയായിരുന്നു ‘രേഖാചിത്രം’.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം, മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ‘ഇതര ചരിത്രം’ എന്ന ഴോണറിലാണ് പുറത്തിറങ്ങിയത്. മലയാളികൾക്ക് സുപരിചിതമായ ചലച്ചിത്ര കാഴ്ച്ചകളെ അടിസ്ഥാനമാക്കി, തീർത്തും കാൽപ്പനികമായ ഒരു കഥ പറഞ്ഞപ്പോൾ അതിലെ സത്യം ഏതാണ്, കഥ ഏതാണ് എന്ന സംശയത്തിൽ പ്രേക്ഷകർ അമ്പരന്നു.
രാമു സുനിലും സംവിധായകൻ ജോഫിനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആസിഫ് അലിയുടെ പൊലീസ് കഥാപാത്രവും, മമ്മൂട്ടി ചേട്ടനായി മമ്മൂട്ടിയുടെ അതിഥി വേഷവും ബോക്‌സ് ഓഫീസ് കണക്കുകൾ കുലുക്കി. ഒൻപത് കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം 57 കോടി രൂപയാണ് തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്.
പതിവ് ത്രില്ലർ സിനിമകളുടെ വ്യവസ്ഥാപിത ചട്ടക്കൂടുകൾ തകർത്താണ് ‘രേഖാചിത്രം’ ബോക്‌സ് ഓഫീസ് വിജയത്തിന്റെ തേരോട്ടം നടത്തിയത്.
2025 Box Office


































