(https://moviemax.in/) സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോൾ അതിൽ സന്തോഷം പ്രകടിച്ച് സമൂഹമാധ്യങ്ങളിലൂടെ പ്രതികരിച്ചവരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ.
തന്റെ കൂടെയുണ്ടായിരുന്ന ജനം ഇപ്പോഴും കൂടെയുണ്ടെന്നും അതിൽ എണ്ണം കൂടിയിട്ടേയുള്ളൂവെന്നും വിനായകൻ എപ്പോൾ ചാവണമെന്ന് കാലം തീരുമാനിക്കുമെന്നും വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു.
വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെന്നും വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ലെന്നും പോസ്റ്റിൽ പറയുന്നു. അഹംഭവിച്ചവനല്ല വിനായകൻ, അഹങ്കരിച്ചവനാണ് വിനായകനാണെന്നും കാലം എന്നെ കൊല്ലുന്നതു വരെ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കുമെന്നും വിനായകൻ വ്യക്തമാക്കി.
'ആട് 3' സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നടൻ വിനായകൻ ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തോൾ എല്ലിനും കഴുത്തിലും മുറിവേറ്റിരുന്നു.
'അപകടത്തിൽ കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു. രണ്ടുദിവസം മുമ്പാണ് അത് അറിഞ്ഞത്. കൃത്യമായി ചികിത്സ തേടിയില്ലായിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ' എന്ന് ആശുപത്രി വിട്ട വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു.
മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം നിർവഹിച്ച് 2015ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ആട്. ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്.
ഒന്നാംഭാഗം മികച്ച വിജയമായതോടെ 2017ൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്തു. ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വിജയ് ബാബു തൻറെ സമൂഹമാധ്യമത്തിലൂടെ ആട് 3 ഒരു ടൈം ട്രാവൽ ചിത്രമാണെന്ന് നേരത്തേ സൂചന നൽകിയിരുന്നു. 2026 മാർച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
Actor Vinayakan responds to accident during movie shooting





























