(moviemax.in) ബോഡി ഷെയിമിങ് എന്ന വാക്ക് ആളുകൾ കൂടുതലായും അതിന്റെ അർത്ഥം മനസിലാക്കി ഉപയോഗിച്ച് തുടങ്ങിയത് അടുത്ത കാലം മുതലാണ്. പക്ഷെ എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ പരിഹസിക്കപ്പെടുന്നു. ദേശ-ലിംഗ-ഭാഷാ വ്യത്യാസമില്ലാതെ ലോകം ആളുകളെ ഇങ്ങനെ അവമതിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. രണ്ട് ദിവസം മുമ്പ് വരെ നിറം കറുപ്പായതിന്റെ പേരിലുള്ള അപമാനിക്കൽ സഹിക്കവയ്യാതെ ഒരു കുട്ടി ജീവനൊടുക്കിയിരുന്നു.
തമാശയ്ക്കായി പോലും മറ്റൊരാളുടെ ഹൃദയം വേദനിപ്പിക്കുന്ന തരത്തിൽ അവരുടെ രൂപത്തെ പരിഹസിച്ച് സംസാരിക്കുന്നത് തെറ്റാണെന്ന് ആളുകൾ അടുത്ത കാലം മുതലാണ് തിരിച്ചറിഞ്ഞ് തുടങ്ങിയത്. ചെറുപ്പക്കാരാണ് അത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതികരിക്കാറുള്ളവർ.
പണ്ട് സിനിമകളിൽ തമാശകൾ സൃഷ്ടിക്കാൻ പോലും ആളുകൾ ബോഡി ഷെയ്മിങ് ഉപയോഗിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്ന തിരിച്ചറിവ് വന്നതോടെ അത്തരം കമന്റുകൾ സിനിമയിൽ നിന്നും ഒഴിവാക്കപ്പെടുന്നുണ്ട്. പല നടീനടന്മാരും ബോഡി ഷെയ്മിങ് തമാശകൾ പറയില്ലെന്ന തീരുമാനമെടുത്ത് തന്നെയാണ് അഭിനയിക്കുന്നതും.
ആളുകൾ മാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് മലയാളം ടെലിവിഷൻ ചാനലായ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സ് എന്ന ഷോയിലെ പുതിയ എപ്പിസോഡാണ്. നടി ശ്വേത മേനോൻ, മിനിസ്ക്രീൻ താരങ്ങളായ ശ്രീവിദ്യ മുല്ലച്ചേരി, കുട്ടി അഖിൽ, നോബി മാർക്കോസ്, ഡയാന ഹമീദ് എന്നിവരാണ് ഷോയിലെ മെന്റേഴ്സ്.
എലീന പടിക്കലാണ് അവതാരക. എപ്പിസോഡിന്റെ അവസാനം ഷോയുടെ മെന്റേഴ്സായവർക്ക് വേണ്ടി എലീന ഒരു ഗെയിം നടത്തിയിരുന്നു. മലയാളത്തിൽ ഒരു കാലത്ത് സജീവമായിരുന്ന നടിമാരുടെ ഏറ്റവും പുതിയ ഫോട്ടോകൾ കാണിച്ചശേഷം അവർ ആരാണെന്ന് കണ്ടെത്തി പേര് പറയുക എന്നതാണ് ഗെയിം. ആദ്യം സ്ക്രീനിൽ തെളിഞ്ഞത്. മോഹൻലാൽ ചിത്രം ഹലോയിൽ നായിക വേഷം ചെയ്ത പാർവതി മിൽട്ടണിന്റെ പുതിയ ഫോട്ടോയാണ്.
എന്നാൽ പാർവതിയുടെ പേര് പറയാൻ കഴിഞ്ഞില്ലെങ്കിലും ഹലോയിലെ നായികയാണെന്ന് ശ്രീവിദ്യ അടക്കമുള്ളവർക്ക് മനസിലായി. പാർവതിയുടെ ഫോട്ടോ കണ്ടതോടെ രൂപത്തിൽ പാർവതിക്ക് ഭയങ്കര ചെയ്‍ഞ്ച് വന്നുവെന്നും പണ്ട് ഭയങ്കര സുന്ദരിയായിരുന്നുവെന്നുമായിരുന്നു നോബി അടക്കമുള്ളവരുടെ കമന്റ്. മുഖത്ത് എന്തൊക്കയോ മാറ്റങ്ങൾ വരുത്തിയെന്ന് തോന്നുവെന്ന് ശ്വേത അടക്കമുള്ളവർ പറയുന്നുണ്ടായിരുന്നു.
രണ്ടാമത് ചന്ദ്രലേഖ എന്ന സിനിമയിൽ നായികയായി എത്തിയ പൂജ ബന്ദ്രയുടെ ഫോട്ടോയാണ് എലീന കാണിച്ചത്. പൂജ തന്റെ സുഹൃത്താണെന്നാണ് ശ്വേത പറഞ്ഞത്. പ്രിയദർശന് പൂജയെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്നും മോഡലിങ് കാലം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്നുമാണ് ശ്വേത പൂജയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
എന്നാൽ എപ്പിസോഡ് വൈറലായതോടെ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ഏറ്റവും കൂടുതൽ ലഭിച്ചത്. ആളുകളുടെ പഴയതും പുതിയതുമായ ഫോട്ടോകൾ കൊണ്ടുവന്ന് താരതമ്യപ്പെടുത്തി മറ്റുള്ളവർ പരസ്യമായി കമന്റ് പറയുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഏറെയും കമന്റുകൾ. ആരായാലും പ്രായത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുമെന്നും എന്നാൽ അവരെ കുറിച്ച് മൂന്നാമതൊരാൾ കമന്റ് പറയുന്നത് ശരിയായ രീതിയല്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
ഇത് പരിഹാസ്യമാണ്. ആളുകൾക്ക് പ്രായമാകും. അവരുടെ മുഖം വ്യത്യസ്തമായി കാണപ്പെടും. മറ്റൊരാൾക്ക് എങ്ങനെ അവരുടെ പഴയതും പുതിയതുമായ ഫോട്ടോകൾ എടുത്ത് മോശമായ അഭിപ്രായങ്ങൾ പറയാൻ കഴിയും?. അവർ അവരുടെ ഇഷ്ടത്തിനനുസരിച്ച് ചില ശസ്ത്രക്രിയകൾ നടത്തിയിരിക്കാം നിങ്ങൾ ആരാണ് അവരെ വിലയിരുത്താൻ എന്നിങ്ങനെയായിരുന്നു ശ്വേത, നോബി അടക്കമുള്ളവരെ വിമർശിച്ച് വന്ന കമന്റുകൾ.
#malayalam #television #show #facing #criticism #commenting #actresses #old #new #photos