(moviemax.in) ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു സുചിത്ര കൃഷ്ണമൂര്‍ത്തി. ഷാരൂഖ് ഖാന്റെ തുടക്കകാലത്തെ നായികമാരില്‍ ഒരാളാണ് സുചിത്ര. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരം.
സംവിധായകന്‍ ശേഖര്‍ കപൂറിനെ വിവാഹം കഴിക്കുന്നതോടെയാണ് സുചിത്ര സിനിമ ഉപേക്ഷിക്കുന്നത്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. അതേസമയം മറ്റൊരു സംവിധായകനോട് താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്.
പ്രശസ്ത സംവിധായകനായ രാം ഗോപാല്‍ വര്‍മ ആയിരുന്നു അത്. എന്നാല്‍ അദ്ദേഹം അത് കേട്ട് ഭയന്നുവെന്നാണ് സുചിത്ര പറയുന്നത്. തന്റെ ആത്മകഥയായ ഡ്രാമ ക്യൂനിലാണ് രസകരമായ ആ സംഭവത്തെക്കുറിച്ച് സുചിത്ര സംസാരിക്കുന്നത്.
തമാശയായിട്ടായിരുന്നു സുചിത്ര രാം ഗോപാല്‍ വര്‍മയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നെ വിവാഹം കഴിക്കാമോ എന്ന് അദ്ദേഹത്തിന് മെസേജ് അയക്കുകയായിരുന്നു സുചിത്ര. എന്നാല്‍ രാം ഗോപാല്‍ വര്‍മ അത് കേട്ട് ഭയന്നു.
നടിയെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം പലതും പറഞ്ഞുവെന്നാണ് താരം പറയുന്നത്. തന്നെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് രാം ഗോപാല്‍ വര്‍മ സംസാരിച്ചത്. താന്‍ സ്ത്രീകളെ സെക്‌സിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അവരുടെ ശരീരമാണ് തനിക്ക് ഇഷ്ടം, അല്ലാതെ തലച്ചോറല്ല എന്നൊക്കെ തന്റെ മനസ് മാറ്റാനായി രാമു പറഞ്ഞുവെന്നാണ് സുചിത്ര ഓര്‍ക്കുന്നത്.
''അതൊരു തമാശയായിരുന്നു. അല്ലാതെ ആരാണ് സീരിയസായി രാം ഗോപാല്‍ വര്‍മയെ വിവാഹം കഴിക്കണമെന്ന് പറയുക? അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഞാന്‍ പറഞ്ഞത് കേട്ട് പേടിച്ചു. അതാണ് വലിയ തമാശ'' എന്നാണ് പിന്നീട് ഒരു അഭിമുഖത്തില്‍ സുചിത്ര പറഞ്ഞത്.
''അദ്ദേഹം ഞാന്‍ പറഞ്ഞത് കാര്യമാക്കിയെടുത്തു. എന്നെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഞാനൊരു നല്ല പെണ്‍കുട്ടിയാണെന്നും താനൊരു മോശം വ്യക്തിയാണെന്നും ഇങ്ങനൊന്നും ചിന്തിക്കരുതെന്നും പറഞ്ഞു.
രാമു, അതൊരു തമാശയാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം അതും സീരിയസായിട്ടാണെടുത്തത്'' സുചിത്ര പറയുന്നു. അതേസമയം 1999 ല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുചിത്ര ശേഖര്‍ കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ആ ബന്ധം 2007 ല്‍ അവസാനിച്ചു.
ശേഖര്‍ കപൂര്‍ തന്നെ വഞ്ചിച്ചുവെന്നാണ് സുചിത്ര പറയുന്നത്. നടി പ്രീതി സിന്റയ്ക്ക് തന്റെ ഭര്‍ത്താവുമായി ഉണ്ടായിരുന്ന ബന്ധമാണ് സുചിത്ര ബന്ധം അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മലയാളത്തിലൂടെയാണ് സുചിത്ര കരിയര്‍ ആരംഭിക്കുന്നത്. കിലുക്കാംപെട്ടിയായിരുന്നു ആദ്യ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ കഭി ഹാന്‍ കഭി നാ ആയിരുന്നു ആദ്യ ഹിന്ദി സിനിമ. പിന്നീട് ജസ്ബാത്ത്, വാദെ ഇരാദെ, ആഗ്, കര്‍മ ഓര്‍ ഹോളി, രണ്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും പിന്മാറിയ സുചിത്ര പിന്നീട് തിരികെ വന്നിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുചിത്ര.
#women #sex #bodies #RGV #Suchitra #marriage #proposal