(moviemax.in) താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയും സ്‌കിന്‍ ലൈറ്റ്‌നിംഗ് സര്‍ജറിയുമൊക്കെ നടത്തുന്നത് പതിവാണ്. എന്നാല്‍ എല്ലാ സര്‍ജറികളും വിജയിക്കണമെന്നില്ല.
ചില സര്‍ജറികള്‍ താരങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതാണെങ്കില്‍ ചിലത് പരാജയപ്പെടുകയും മുമ്പുണ്ടായിരുന്ന സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി കാരണം കരിയര്‍ തന്നെ നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്.
പ്ലാസ്റ്റിക് സര്‍ജറി മൂലം കരിയര്‍ നഷ്ടപ്പെടുന്നതിന്റെ വക്കോളം എത്തി തിരികെ വന്ന താരമാണ് പ്രിയങ്ക ചോപ്ര. കരിയറിന്റെ തുടക്കകാലത്ത് പ്രിയങ്ക ചോപ്ര മൂക്കിന് സര്‍ജറി ചെയ്തിരുന്നു.
പക്ഷെ സര്‍ജറി പരാജയപ്പെടുകയും പ്രിയങ്കയുടെ മൂക്കിന്റെ ആകൃതി നഷ്ടമാവുകയും ചെയ്തു. ഇതോടെ താരത്തിന് അവസരങ്ങള്‍ ലഭിക്കാതായി. സിനിമാ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്നു പ്രിയങ്ക ചോപ്ര.
അന്ന് പ്രിയങ്കയെ തടഞ്ഞത് സംവിധായകന്‍ അനില്‍ ശര്‍മയാണ്. ഇപ്പോഴിതാ പ്രിയങ്കയുടെ സര്‍ജറിയെക്കുറിച്ച് സംസാരിക്കുകയാണ് അനില്‍ ശര്‍മ.
''ഞാന്‍ എവിടെയോ വായിച്ചത് അവള്‍ ജൂലിയ റോബര്‍ട്ട്‌സിനെ പോലെ ആകാനാണ് സര്‍ജറി ചെയ്തത് എന്നാണ്. ഞാനതിന് അവളെ വഴക്ക് പറയുകയും ചെയ്തു.
പക്ഷെ അതല്ല, മൂക്കിന് ഒരു പ്രശ്‌നമുണ്ടായിരുന്നുവെന്നും അതൊരു മെഡിക്കല്‍ ഓപ്പറേഷന്‍ ആണെന്നും പക്ഷെ പാളിപ്പോയതാണെന്നും അവള്‍ പറഞ്ഞു. അവളുടെ തെറ്റായിരുന്നില്ല'' അനില്‍ ശര്‍മ പറയുന്നു.
സര്‍ജറിയ്ക്ക് ശേഷം ബോളിവുഡ് പ്രിയങ്കയെ തള്ളിക്കളയുകയായിരുന്നു. വാഗ്ദാനം ചെയ്ത സിനിമകള്‍ പോലും നഷ്ടമായി. മുംബൈ വിട്ട് തന്റെ നാടായ ബറേലിയിലേക്ക് പോകുന്നതിനെക്കുറിച്ച് പോലും പ്രിയങ്ക ചിന്തിച്ചിരുന്നുവെന്നാണ് അനില്‍ ശര്‍മ പറയുന്നത്.
''ഞാന്‍ പിസിയെ വിളിച്ചു. ഞാന്‍ അവള്‍ക്ക് അഞ്ച് ലക്ഷം ടോക്കണ്‍ നല്‍കിയിരുന്നു. അവള്‍ അഞ്ച് ലക്ഷത്തിന്റെ ചെക്കുമായാണ് വന്നത്. എല്ലാവരും എന്നെ ഒഴിവാക്കുകയാണ്. ഞാന്‍ നാളെ ബറേലിയിലേക്ക് പോവുകയാണ്. നിങ്ങളെയാണ് കാത്തിരുന്നത് എന്ന് അവള്‍ പറഞ്ഞു.
ഞാന്‍ കാനഡയില്‍ നിന്നും വന്നതായിരുന്നു. ചെക്ക് നിന്റെ കയ്യില്‍ തന്നെ വച്ചോളാന്‍ ഞാന്‍ പറഞ്ഞു. അച്ഛന്‍ തിരിച്ച് ബറേലിയിലേക്ക് പോയി. അമ്മയും വീണ്ടും ഡോക്ടര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു എന്ന് അവള്‍ പറഞ്ഞു.
ഇത് ശരിയാകാന്‍ ഒന്നൊന്നര വര്‍ഷം വേണ്ടി വരും. അത് കഴിഞ്ഞ് തിരിച്ചു വരാം എന്നാണ് പിസി പറഞ്ഞത്. പോകണ്ട, ഇവിടെ തന്നെ നില്‍ക്കാന്‍ ഞാന്‍ പറഞ്ഞു'' അനില്‍ ശര്‍മ പറയുന്നു.
പ്രിയങ്കയുടെ കഴിവ് തനിക്ക് ബോധ്യപ്പെട്ടിരുന്നു. അതിനാല്‍ അവളെ സഹായിക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന മേക്കപ്പ് മാനെ വിളിക്കുകയും പ്രിയങ്കയുടെ മൂക്കിന്റെ പ്രശ്‌നം മനസിലാകാത്ത രീതിയില്‍ മേക്കപ്പ് ചെയ്യാനും പറഞ്ഞു. അതിന് ശേഷം പ്രിയങ്കയുടെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തി.
തുടര്‍ന്ന് ആ സിഡി എല്ലാവര്‍ക്കും അയച്ചു കൊടുത്തു. വീഡിയോ കണ്ടവരെല്ലാം അത്ഭുതപ്പെട്ടു പോയെന്നും അങ്ങനെ മുംബൈ വിടാനുള്ള തീരുമാനത്തില്‍ നിന്നും പ്രിയങ്ക പിന്മാറിയെന്നാണ് അനില്‍ ശര്‍മ പറയുന്നത്.
#Priyanka #decided #leave #country #after #nose #surgery #went #wrong #missed #movies