ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് സ്മിത പാട്ടീലിനെ വിലയിരുത്തുന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെട്ട സ്മിത പാട്ടീല്‍ ചെയ്തു വച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ ഇന്നും അത്ഭുതപ്പെടുത്തുന്നതാണ്.
ഇന്ത്യന്‍ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പേരുകളിലൊന്നാണ് സ്മിത പാട്ടീലിന്റേത്.
ഇപ്പോഴിതാ സ്മിത പാട്ടീലിന്റെ കരണത്ത് അടിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ അമോല്‍ പാലേക്കര്‍. ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ഭൂമിക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
സംവിധായകനാണ് തന്നോട് സ്മിത പാട്ടീലിന്റെ കരണത്ത് അടിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് അമോല്‍ പറയുന്നത്.
ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടെ സ്മിതയുടെ അറിവില്ലാതെ അവരുടെ കരണത്ത് അടിക്കാനായിരുന്നു തന്നോട് ആവശ്യപ്പെട്ടത് എന്നാണ് അമോല്‍ പാലേക്കര്‍ പറയുന്നത്.
സ്മിതയുടെ അറിവില്ലാതെ വേണം ഈ രംഗം ചിത്രീകരിക്കാന്‍ എന്നതില്‍ ശ്യാം ബെനഗലിന് വാശിയായിരുന്നുവെന്നാണ് അമോല്‍ പറയുന്നത്. ആ സംഭവം ഇന്നും തന്റെ മനസില്‍ ഒരു വിങ്ങലായി നിലനില്‍ക്കുന്നുണ്ടെന്നാണ് അമോല്‍ പാലേക്കര്‍ പറയുന്നത്.
''അവളോട് പറയാതെ തന്നെ അവളുടെ കരണത്ത് അടിക്കണമെന്ന് ശ്യാം ബെനഗല്‍ എന്നോട് പറഞ്ഞു. എനിക്കത് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. റിഹേഴ്‌സ് ചെയ്യാത്തതൊന്നും ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു.
കൂടെ അഭിനയിക്കുന്നവര്‍ നാം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കണം. അവരുടെ അറിവില്ലാതെ ചെയ്യുന്നത് തെറ്റാണ്. അതിനാല്‍ ഞാനത് ചെയ്യില്ല.
എങ്ങനെയാണ് ഒരു സ്ത്രീയ്ക്ക് നേരെ ഞാന്‍ കയ്യുയര്‍ത്തുക? ഞാനാകെ തകര്‍ന്നു പോയി. ജീവിതത്തിലൊരിക്കലും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല'' അമോല്‍ പാലേക്കര്‍ പറയുന്നു.
എന്നാല്‍ തന്നെ ആ രംഗം ചെയ്യാന്‍ ശ്യാം ബെനഗല്‍ നിര്‍ബന്ധിതനാക്കിയെന്നാണ് അമോല്‍ പറയുന്നത്. താന്‍ സമ്മതിച്ചുവെങ്കിലും തന്റേയും സ്മിതയുടേയും ബന്ധത്തെ ആ സംഭവം വല്ലാതെ ബാധിച്ചുവെന്നാണ് അമോല്‍ പാലേക്കര്‍ പറയുന്നത്.
''ഷോട്ട് ആരംഭിച്ചു. സ്മിത അഭിനയിക്കാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ ഞാന്‍ അവരുടെ കൈ പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. അവരുടെ മുഖഭാവം മാറി. ഞാനവരെ തല്ലിയെന്നത് എനിക്ക് വിശ്വസിക്കാനായിരുന്നില്ല.
അവര്‍ക്ക് ദേഷ്യം വന്നു. നാണക്കേടും ദേഷ്യവുമെല്ലാം തോന്നി. അപ്പോഴും ക്യാമറ റോള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
കട്ട് പറഞ്ഞതില്ല. അവരുടെ എല്ലാ ഭാവങ്ങളും ക്യാമറ പകര്‍ത്തിയെടുത്തു. ക്യാമറ മാത്രമല്ല, ഞാനും അവരെ തുറിച്ച് നോക്കുകയായിരുന്നു. ഞാന്‍ മറ്റെല്ലാം മറന്നിരുന്നു.
എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലയിരുന്നു. അവരുടെ മുഖഭാവം കണ്ട് ഞാന്‍ വല്ലാതെ അസ്വസ്ഥനായി'' എന്നും അദ്ദേഹം പറയുന്നുണ്ട്.
ആ സീന്‍ കഴിഞ്ഞതും താനും സ്മിതയും പൊട്ടിക്കരയുകയായിരുന്നുവെന്നാണ് അമോല്‍ പാലേക്കര്‍ പറയുന്നത്. '' ശ്യാം കട്ട് പറഞ്ഞു. ഞാന്‍ സ്മിതയുടെ അടുത്തേക്ക് ഓടിച്ചെന്നു. അവരെ കെട്ടിപ്പിടിച്ചു. അവരോട് മാപ്പ് പറഞ്ഞു.
ഞങ്ങള്‍ രണ്ടു പേരും പൊട്ടിക്കരഞ്ഞു. ഒരുപാട് കരഞ്ഞു രണ്ടു പേരും'' എന്നാണ് അദ്ദേഹം പറയുന്നത്. എന്തിരുന്നാലും ആ സംഭവത്തോടെ താനും സ്മിതയും കൂടുതല്‍ അടുത്തുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
#director #insisted #hitting #SmitaPatil #hand #Even #scene #smitha #burst #tears