(moviemax.in)അമ്മയായ ശേഷം കുടുംബ ജീവിതം ഏറെ ആസ്വദിക്കുകയാണ് ആലിയ ഭട്ട്. ജീവിതം കുഞ്ഞിന് ജന്മം നല്‍കിയതിനുശേഷം അഭിനരംഗത്തേക്ക് തിരിച്ചെത്തിയ ആലിയ പ്രസവവുമായി ബന്ധപ്പെട്ട് ചെറിയൊരു ഇടവേള മാത്രമാണെടുത്തത്.
ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും അമ്മയായതിന് ശേഷമുള്ള വെല്ലുവിളികളെ കുറിച്ചുമെല്ലാം മനസ് തുറയ്ക്കുകയാണ് ആലിയ.അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷം തനിക്ക് ഒരുപാട് മാറ്റം സംഭവിച്ചുവെന്നും അത് തുറന്ന് സമ്മതിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും ആലിയ പറയുന്നു.
' അവര്‍ രണ്ടു പേര്‍ക്കുമിടയില്‍ ഓടിക്കളിക്കുന്നതിനാല്‍ എനിക്ക് എന്റെ കാര്യത്തിനായി പലപ്പോഴും സമയം കണ്ടെത്താനാകുന്നില്ല. എന്റെതായ സമയങ്ങള്‍ എനിക്കിപ്പോഴില്ല. എന്റെ തെറാപ്പി സെഷന് പോലും കഴിഞ്ഞ രണ്ട് മാസമായി പോകാന്‍ കഴിഞ്ഞിട്ടില്ല.
' ആലിയ വ്യക്തമാക്കുന്നു.മകളുടെ വളര്‍ച്ചയിലുണ്ടായ ഓരോ ചെറിയ മാറ്റവും താന്‍ ആസ്വദിച്ചിരുന്നുവെന്നും ഓരോ ദിവസവും ഓരോ കണ്ടുപിടുത്തങ്ങള്‍ പോലെയായിരുന്നുവെന്നും ആലിയ പറയുന്നു. റാഹയോടൊപ്പമുള്ള ജീവിതത്തിലെ മൂന്ന് മനോഹരമായ നിമിഷങ്ങളെ കുറിച്ചും ആലിയ മനസ് തുറന്നു.
'ഏറ്റവും മികച്ച നിമിഷങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍ ആദ്യം ഓര്‍മയിലെത്തുക ഗര്‍ഭിണിയായിരിക്കുമ്പോള്‍ റാഹ വയറ്റില്‍ ആദ്യമായി ചവിട്ടിയതാണ്. അതൊരു പ്രത്യേക അനുഭവമായിരുന്നു. ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് സമയത്താണ് അത് സംഭവിച്ചത്. പിറ്റേ ദിവസം ഷൂട്ടിങ്ങിന് പോകുന്നതിന് മുമ്പായി ഞാന്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.
ഐപാഡില്‍ എന്തോ കണ്ടുകൊണ്ട് കിടക്കുമ്പോള്‍ പെട്ടെന്ന് വയറ്റിനുള്ളില്‍ എന്തോ സംഭവിക്കുന്നതുപോലെ തോന്നി. ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ കാരണമാണോ അതുണ്ടായതെന്ന് ആദ്യം സംശയിച്ചു. പിന്നീടാണ് എല്ലാം മനസിലായത്.
വീണ്ടും മകള്‍ കുഞ്ഞിക്കാല് കൊണ്ട് ചവിട്ടുന്നതിനായി കാത്തിരുന്നു. എന്നാല്‍ നമ്മള്‍ കാത്തിരുന്നാല്‍ ഒന്നും സംഭവിക്കില്ല. അപ്രതീക്ഷിതമായ സമയത്തു മാത്രമേ അവര്‍ ചവിട്ടുകയുള്ളു. ആ രാത്രി ആവേശത്താല്‍ എനിക്ക് ഉറങ്ങാനായില്ല.
ഞാന്‍ ഒറ്റയ്ക്കല്ലെന്നും എന്റെയുള്ളില്‍ എന്നോടൊപ്പം ഒരാള് കൂടിയുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അതൊരു പ്രത്യേക അനുഭവമായിരുന്നു.'- ആലിയ വ്യക്തമാക്കുന്നു. അന്ന് രാത്രി തന്നെ അക്കാര്യം രണ്‍ബീറിനെ വിളിച്ചറിയിച്ചുവെന്നും ആലിയ പറയുന്നു.
മുംബൈയിലെ വീട്ടില്‍ ഉറക്കത്തിലായിരുന്നു രണ്‍ബീര്‍. റാഹ ആദ്യമായി അമ്മയെന്ന് വിളിച്ച നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ആലിയ പറയുന്നു. 'അവള്‍ ആദ്യമായി എന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാകില്ല. 'മമ്മ' എന്നാണ് അവള്‍ വിളിച്ചുതുടങ്ങിയത്.
ആ സമയത്ത് ഞാനും അവളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് 'മമ്മ' എന്ന് വിളിച്ചത്.'- ആലിയ കൂട്ടിച്ചേര്‍ക്കുന്നു.റാഹ ആദ്യം അമ്മയെന്നാണോ അച്ഛനെന്നാണോ വിളിക്കുക എന്ന കാര്യത്തില്‍ താനും രണ്‍ബീറും എപ്പോഴും തമാശയ്ക്ക് വഴക്കുണ്ടാക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കുന്നു.
'റാഹ മമ്മ എന്നാണോ പപ്പ എന്നാണോ ആദ്യം വിളിക്കുക എന്ന കാര്യത്തില്‍ ഞാനും രണ്‍ബീറും വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. ഞാന്‍ അവളോട് പറയും മമ്മ എന്ന് വിളിക്ക് എന്ന്. രണ്‍ബീര്‍ പറയും പപ്പ എന്ന് വിളിക്ക് എന്ന്. പക്ഷേ ആ സമയത്തൊന്നും അവള്‍ ഒന്നും പ്രതികരിച്ചില്ല.
പിന്നീട് ഞാനും അവളും ഒറ്റയ്ക്കായിരുന്നപ്പോഴാണ് മമ്മ എന്ന് വിളിച്ചത്. ഇതോടെ അവളോട് വീണ്ടും അങ്ങനെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അത് ഞാന്‍ ഫോണെടുത്ത് റെക്കോഡും ചെയ്തു. രണ്‍ബീറിന് അപ്പോള്‍തന്നെ അയച്ചുകൊടുത്തു.
അവള്‍ ആദ്യം മമ്മ എന്നാണ് വിളിച്ചത് എന്നതിന് ആര്‍ക്കെങ്കിലും തെളിവ് വേണമെങ്കില്‍ ഞാന്‍ തരാം. ആ വീഡിയോ ഇപ്പോഴും എന്റെ കൈയിലുണ്ട്.'- ആലിയ തമാശയായി പറയുന്നു.എന്റെ മകള്‍ പിറന്ന നിമിഷവും ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
'അവള്‍ പുറത്തുവന്നപ്പോള്‍ ആദ്യമായി കരഞ്ഞത് ഇപ്പോഴും എന്റെ ചെവിയിലുണ്ട്. ദൈവത്തെ കണ്ടുമുട്ടിയതുപോലെയൊക്കെയാണ് ആ നിമിഷം എനിക്ക് തോന്നിയത്. ഏറെ വൈകാരികമായിരുന്നു അത്. എന്റെ ജീവിതത്തിന്റെ ലക്ഷ്യം നിറവേറ്റിയതുപോലെ എനിക്കുതോന്നി.'- ആലിയ വ്യക്തമാക്കുന്നു.
#no #longer #my #own #hours #Alia #able #attend #therapy #sessions #past #two #months