പ്രണയം പ്രമേയമാക്കി നിരവധി സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മണിരത്നം. എന്നാൽ മണിരത്നത്തിന്റെ പ്രണയ ചിത്രങ്ങളെ കുറിച്ച് ചോദിച്ചാൽ ഒട്ടുമിക്ക തമിഴ് സിനിമാ ആസ്വാദകരും ആദ്യം പറയുക മൗനരാഗം എന്ന സിനിമയെ കുറിച്ചാകും. കാവ്യാത്മക വിവരണവും മനോഹരമായ വിഷ്വലുകളുമായി മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയെ അനായാസമായി ചിത്രീകരിച്ച ചിത്രം എൺപതുകളിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ചന്ദ്രകുമാറെന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുന്ന ദിവ്യയെന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് സിനിമ. ദിവ്യ കല്യാണത്തിന് ശേഷവും മരണപ്പെട്ട കാമുകൻ മനോഹറിന്റെ ഓർമ്മകളിലാണ് ജീവിക്കുന്നത്. ഭർത്താവ് ചന്ദ്രകുമാറുമായി ചേർന്ന് ദിവ്യ എങ്ങനെയാണ് ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അതിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ സംസാരിക്കുന്നത്.
മണിരത്നത്തിന്റെ സംവിധാനത്തോടൊപ്പം പി.സി ശ്രീരാമിന്റെ ഛായാഗ്രഹണവും ഇളയരാജയുടെ സംഗീതവും കൂടി ചേർന്നപ്പോൾ മൗനരാഗം എക്കാലത്തേയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായി മാറി. എൺപതുപകളിൽ മലയാളത്തിൽ നടൻ ശങ്കറിന് ഉണ്ടായിരുന്ന അതേ സ്ഥാനവും സ്വീകാര്യതയുമായിരുന്നു തമിഴിൽ മോഹന്.
അഭിനയിച്ച പടങ്ങളെല്ലാം സിൽവർ ജൂബിലി കൊണ്ടാടിയതിനാൽ സിൽവർ ജൂബിലി മോഹനെന്നും എല്ലാ സിനിമകളിലും മൈക്കുമായി വന്ന് പാടി അഭിനയിച്ച് പാട്ടുകളെല്ലാം ഹിറ്റാക്കുന്നതിനാൽ മൈക്ക് മോഹനെന്നും താരം അറിയപ്പെട്ടിരുന്നു. നെഞ്ചത്തെ കിള്ളാതെ, ഗോപുരങ്ങൾ സായ് വതില്ലൈ, ഇരട്ടൈവാൽ കുരുവി, വിധി, കോകില, ഇളഞ്ചൽകൾ, മെല്ലെ തിറന്തത് കതക്, നിലവേ വാ തുടങ്ങിയവയാണ് മോഹനന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലത്.
തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലുമെല്ലാം മോഹൻ അഭിനയിച്ചിട്ടുണ്ട്. അക്കാലത്തെ പെൺകുട്ടികളുടെ എല്ലാം ഹരമായിരുന്നു നടൻ. സ്റ്റാർഡത്തിന്റെ ഉന്നതിയിൽ നിൽക്കവെ അപ്രതീക്ഷിതമായാണ് മോഹനൻ സിനിമയിൽ നിന്നും ഇടവേളയെടുത്തത്. അക്കാലത്ത് നിരവധി ഗോസിപ്പുകളും താരത്തെ കുറിച്ച് പ്രചരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത് താരത്തിന് എയ്ഡ്സ് ബാധിച്ചുവെന്നതായിരുന്നു.
ഇങ്ങനൊരു ഗോസിപ്പ് പ്രചരിച്ചതോടെ സത്യാവസ്ഥ പോലും തിരക്കാതെ നടന്റെ വീട്ടിലേക്ക് ആരാധകർ ഒഴുകിയെത്തി. അന്ന് താനും കുടുംബവും കടന്നുപോയ വേദന നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ മോഹൻ വെളിപ്പെടുത്തിയിരുന്നു. 1990 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ വെറും അഞ്ച് സിനിമകൾ മാത്രം ചെയ്ത് മോഹൻ വീണ്ടും ഇടവേളയെടുത്തു.
ശേഷം നടനെ സിനിമാ പ്രേമികൾ കണ്ടത് അടുത്തിടെ റിലീസ് ചെയ്ത വിജയ് ചിത്രം ഗോട്ടിലെ വില്ലൻ റോളിലാണ്. സിനിമയുടെ പ്രമോഷനുകളിലും സജീവമായിരുന്ന മോഹൻ തന്റെ ഒരു ആരാധികയെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ മലേഷ്യയിൽ നിന്നും ഒരു വയസായ സ്ത്രീയും അവരുടെ മകനും എന്നെ കാണാൻ വന്നു. ബുർഗയൊക്കെ അണിഞ്ഞാണ് ആ സ്ത്രീ വന്നത്. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.
അതിനിടയിൽ ആ സ്ത്രീ കഴുത്തിൽ അണിഞ്ഞിരിക്കുന്ന താലി എനിക്ക് കാണിച്ച് തന്നു. ഞാൻ നോക്കിയപ്പോൾ താലിയുടെ ലോക്കറ്റിൽ എന്റെ ഫോട്ടോ പതിപ്പിച്ചതായി കാണാം. ഞാൻ അത്ഭുതപ്പെട്ടു. ആ സ്ത്രീ കല്യാണം കഴിക്കുന്ന സമയത്തൊക്കെ എന്നോട് ആരാധനയുണ്ടായിരുന്നുവത്രെ. എന്നോടുള്ള ആരാധന ആ സ്ത്രീ ഭർത്താവിനോട് പറഞ്ഞപ്പോൾ അയാളാണത്രെ താലിക്കുള്ളിൽ എന്റെ ഫോട്ടോ കൂടി സൂക്ഷിക്കാൻ സമ്മതിച്ചത്.
അന്ന് മുതൽ ഇതുവരെയും ആ സ്ത്രീ താലിക്കുള്ളിൽ എന്റെ ഫോട്ടോയും സൂക്ഷിക്കുന്നുണ്ട്. പക്ഷെ സങ്കടകരമായ ഒരു കാര്യം എന്തെന്നാൽ... അടുത്തിടെ ആ സ്ത്രീ മരിച്ചു. ഞാൻ സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇപ്പോഴും ആളുകളുടെ സ്നേഹം അനുഭവിക്കുന്നതിനും സുഖമായി ജീവിക്കുന്നതിനും ഒരു കാരണം ഇതുപോലുള്ള സ്ത്രീകളുടെ പ്രർത്ഥന കൂടിയാണെന്ന് പറഞ്ഞാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധികയെ കുറിച്ച് മോഹൻ പറഞ്ഞ് അവസാനിപ്പിച്ചത്.
#mounaragam #movie #actor #mohan #open #up #about #his #favourite #fan