---
title: "'സുഹൃത്തിന്റെ ജീവിതം തകർത്തവർക്കുള്ള തിരിച്ചടി'; വിവാഹമോചനത്തിന് പിന്നാലെ ഹൻസിക മോട്‌വാനിക്ക് വിമർശനം"
english_title: "Hansika Motwani faces criticism after divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347721/hansika-motwani-faces-criticism-after-divorce"
published_at: "2026-03-14T16:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5464e99ee7_15.jpg"
keywords: []
---

# 'സുഹൃത്തിന്റെ ജീവിതം തകർത്തവർക്കുള്ള തിരിച്ചടി'; വിവാഹമോചനത്തിന് പിന്നാലെ ഹൻസിക മോട്‌വാനിക്ക് വിമർശനം

> **Lead Summary:** **ന**ടി ഹൻസിക മോട്‌വാനിയും ഭർത്താവും ബിസിനസുകാരനുമായ സൊഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവരുടെയും വേർപിരിയലിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്.

## Article Content

**ന**ടി ഹൻസിക മോട്‌വാനിയും ഭർത്താവും ബിസിനസുകാരനുമായ സൊഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവരുടെയും വേർപിരിയലിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്.

വ്യക്തിപരമായ വിയോജിപ്പുകളും ജീവിതരീതിയിലെ വ്യത്യാസങ്ങളുമാണ് ബന്ധം തകരാൻ കാരണമായി ഇരുവരും കോടതിയെ ബോധിപ്പിച്ചത്. ഹൻസിക സൊഹേലിൽ നിന്നും ജീവനാംശമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരങ്ങൾ.

ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ചർച്ചകളും ഉയരുന്നുണ്ട്. തന്റെ ഉറ്റ സുഹൃത്തായിരുന്ന റിങ്കി ബജാജിന്റെ ഭർത്താവായിരുന്ന സൊഹേലിനെ ഹൻസിക വിവാഹം കഴിച്ചത് നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

2016-ൽ നടന്ന സൊഹേലിന്റെയും റിങ്കിയുടെയും വിവാഹച്ചടങ്ങുകളിൽ ഹൻസിക സജീവമായി പങ്കെടുത്തിരുന്നു. സുഹൃത്തിന്റെ കുടുംബം തകർത്താണ് ഹൻസിക ഈ ബന്ധത്തിലേക്ക് കടന്നതെന്ന് അന്ന് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.

വിമർശനങ്ങൾക്ക് മറുപടിയുമായി ഹൻസിക നേരത്തെ രംഗത്തെത്തിയിരുന്നു. സൊഹേലിന്റെ ആദ്യ വിവാഹബന്ധം തകരാൻ താനല്ല കാരണമെന്നും തന്റെ വിവാഹത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിയിലൂടെ നടി വിശദീകരിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കളയുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ, സുഹൃത്തിന്റെ ദാമ്പത്യം തകർത്തവർക്ക് കാലം നൽകിയ തിരിച്ചടിയാണ് ഈ വേർപിരിയൽ എന്നാണ് അഭിപ്രായപ്പെടുന്നത്.

2024 ജൂലൈ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിലേക്ക് നീങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347721/hansika-motwani-faces-criticism-after-divorce)