---
title: "റീൽസ് ഷൂട്ടിനിടെ വയോധികന് ക്രൂരമർദ്ദനം; തല്ലിയ ശേഷം ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചുപോസ് ചെയ്ത് ഇൻഫ്ലുവൻസർ! വൈറലായി വീഡിയോ"
english_title: "Influencer beats up elderly man during Reels"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348260/influencer-beats-up-elderly-man-during-reels"
published_at: "2026-03-17T16:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9354e171bc_23.jpg"
keywords: []
---

# റീൽസ് ഷൂട്ടിനിടെ വയോധികന് ക്രൂരമർദ്ദനം; തല്ലിയ ശേഷം ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചുപോസ് ചെയ്ത് ഇൻഫ്ലുവൻസർ! വൈറലായി വീഡിയോ

> **Lead Summary:** **[ **ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിൽ റീൽ ചിത്രീകരിക്കുന്നതിനിടെ മോഡലും ഇൻഫ്ലുവൻസറുമായ മോണിക്ക കബീർ വയോധികനെ മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

## Article Content

**[ **ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിൽ റീൽ ചിത്രീകരിക്കുന്നതിനിടെ മോഡലും ഇൻഫ്ലുവൻസറുമായ മോണിക്ക കബീർ വയോധികനെ മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

റോഡരികിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ അടുത്തു കൂടി പോയ വയോധികന്റെ ബാഗ് അബദ്ധത്തിൽ മോണിക്കയുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇതിൽ പ്രകോപിതയായ മോണിക്ക ആ വയോധികന്റെ പിന്നാലെ ഓടിച്ചെന്ന് തന്റെ ഹാൻഡ്‌ബാഗ് കൊണ്ട് അദ്ദേഹത്തെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ പകച്ചുപോയ വയോധികൻ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മർദ്ദനത്തിന് ശേഷം യാതൊരു കൂസലുമില്ലാതെ ക്യാമറയ്ക്ക് മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന മോണിക്ക, 'സൗന്ദര്യവും ധീരതയും ഒത്തുചേരുന്നിടം' എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. തിരക്കേറിയ റോഡിൽ അബദ്ധത്തിൽ സംഭവിച്ച കാര്യത്തിന് പ്രായമായ ഒരാളെ പരസ്യമായി മർദ്ദിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

എന്നാൽ ഇത് സ്ത്രീകൾ നേരിടുന്ന അസ്വസ്ഥതകളോടുള്ള സ്വാഭാവിക പ്രതികരണമാണെന്ന വാദവുമായി ഒരു വിഭാഗം ആളുകൾ മോണിക്കയെ പിന്തുണയ്ക്കുന്നുമുണ്ട്. അതേസമയം, ഈ സംഭവം വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആരോപണവും ശക്തമാണ്.

വീഡിയോ വൈറലാക്കാൻ വേണ്ടി മുൻകൂട്ടി പ്ലാൻ ചെയ്ത നാടകമാണിതെന്ന് പലരും വിശ്വസിക്കുന്നു. മർദ്ദനത്തിന് ശേഷമുള്ള മോണിക്കയുടെ ഭാവപ്രകടനങ്ങളാണ് ഈ സംശയത്തിന് ആധാരം. റീൽസ് ചിത്രീകരണത്തിനായി പൊതുസ്ഥലങ്ങൾ കൈയടക്കുന്ന ഇൻഫ്ലുവൻസർമാർ സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചും ഈ സംഭവത്തോടെ വലിയ ചർച്ചകൾ ഉയർന്നു കഴിഞ്ഞു.

ഇത് യഥാർത്ഥ പ്രതിരോധമാണോ അതോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ തന്ത്രമാണോ എന്ന തർക്കം സൈബർ ഇടങ്ങളിൽ ഇപ്പോഴും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348260/influencer-beats-up-elderly-man-during-reels)