---
title: "'ഏഴ് ദിവസം ആശുപത്രിയിലായി'; ജയസൂര്യയുടെ ഡയറ്റ് വിശേഷങ്ങൾക്കിടെ സ്വന്തം അനുഭവം വെളിപ്പെടുത്തി പേർളി മാണി"
english_title: "Pearly Mani reveals her own experience amid Jayasurya's diet details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348064/pearly-mani-reveals-her-own-experience-amid-jayasuryas-diet-details"
published_at: "2026-03-16T15:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d53d31f64_Pearly_Mani_reveals_her_own_experience_amid_Jayasuryas_diet_details.jpg"
keywords: []
---

# 'ഏഴ് ദിവസം ആശുപത്രിയിലായി'; ജയസൂര്യയുടെ ഡയറ്റ് വിശേഷങ്ങൾക്കിടെ സ്വന്തം അനുഭവം വെളിപ്പെടുത്തി പേർളി മാണി

> **Lead Summary:** മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് 3'. ആദ്യ ഭാഗം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം കൈവരിച്ച വമ്പൻ വിജയം ഷാജി പാപ്പനും സംഘത്തിനുമായി വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചു. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മൂന്നാം ഭാഗം എത്തുമ്പോൾ ആവേശത്തിലാണ് സിനിമാ ലോകം.

## Article Content

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് 3'. ആദ്യ ഭാഗം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം കൈവരിച്ച വമ്പൻ വിജയം ഷാജി പാപ്പനും സംഘത്തിനുമായി വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചു. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മൂന്നാം ഭാഗം എത്തുമ്പോൾ ആവേശത്തിലാണ് സിനിമാ ലോകം.

ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ, കഥാപാത്രത്തിനായി ഭാരം കുറച്ചപ്പോഴുള്ള അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം ജയസൂര്യ. ഭാരം കുറച്ച സമയത്ത് വസ്ത്രധാരണത്തിന് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് താരം സംസാരിക്കുമ്പോൾ, സമാനമായ അനുഭവം മൂലം തനിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ടെന്ന് അവതാരകയായ പേർളി മാണിയും വെളിപ്പെടുത്തി. പേർളി മാണിയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.

'അപ്പോത്തിക്കിരി എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാൻ പത്ത് കിലോ വരെ കുറച്ചിരുന്നു. ഒറ്റപ്പാലത്തായിരുന്നു ഷൂട്ടിം​ഗ്. അവിടെ നല്ല ജിലേബി കിട്ടുന്ന കടയുണ്ടെന്ന് പറഞ്ഞു. ആക്രാന്തമായിരുന്നു എനിക്ക്, ഒരു കിലോ ജിലേബി വാങ്ങിക്കാൻ ഞാൻ പറഞ്ഞു, സെറ്റിലെ എല്ലാവർക്കും കൊടുക്കാനായി. അവിടെ നിന്ന് ജിലേബി വാങ്ങി വന്നപ്പോൾ തന്നെ മൂന്ന് നാലെണ്ണം പട പടായെന്ന് കഴിച്ചു. പിന്നെ വീട്ടിൽ പോയി ഒരുപാട് ഭക്ഷണം കഴിച്ചു. അവസാനം വയർ പ്രശ്നമായി. കുറേ ദിവസം വയറിന് ബുദ്ധിമുട്ടുണ്ടായിരുന്നു.

കലോറി കുറച്ച് പെട്ടെന്ന് തന്നെ കൂട്ടിയാൽ വയറിന് ഭയങ്കര പ്രശ്നമാകും. കലോറി പതുക്കെ കുറച്ചാണ് 800 ലേക്ക് എത്തുന്നത്. അതുകൊണ്ട് പെട്ടന്ന് കലോറി കൂടിയാൽ നമ്മുടെ വയറിൽ അത് വലിയ പ്രശ്‍നമാകും,' ജയസൂര്യ പറഞ്ഞു. ഇതിന് മറുവപ്പടി താൻ ഇത് അനുഭവിച്ചിട്ടുണ്ടെന്ന് പേർളി പറഞ്ഞു. 'ഞാൻ ഏഴ് ദിവസം ആശുപത്രിയിലായിരുന്നു. കലോറി കുറച്ച് വരികയായിരുന്നു. പെട്ടെന്ന് ഒരു മൂഡ‍ിന് വാരി വലിച്ച് കഴിച്ചിട്ട് ഞാനിങ്ങനെ ആശുപത്രിയിലായിരുന്നു. അതിനാൽ നിങ്ങൾ പറയുന്നത് എനിക്ക് മനസിലാകും,' പേർളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/348064/pearly-mani-reveals-her-own-experience-amid-jayasuryas-diet-details)