---
title: "'കഥകൾ കേട്ടു, പക്ഷേ ഒന്നും ഇഷ്ടപ്പെട്ടില്ല'; മലയാള സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്ന കാരണം വെളിപ്പെടുത്തി വിജയ് സേതുപതി"
english_title: "Vijay Sethupathi reveals the reason behind his absence from Malayalam films"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348034/vijay-sethupathi-reveals-the-reason-behind-his-absence-from-malayalam-films"
published_at: "2026-03-16T14:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c3e2df556_Vijay_Sethupathi_reveals_the_reason_behind_his_absence_from_Malayalam_films.jpg"
keywords: []
---

# 'കഥകൾ കേട്ടു, പക്ഷേ ഒന്നും ഇഷ്ടപ്പെട്ടില്ല'; മലയാള സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്ന കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

> **Lead Summary:** തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. തമിഴിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായ താരം 2019-ൽ പുറത്തിറങ്ങിയ 'മാർക്കോണി മത്തായി' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

## Article Content

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. തമിഴിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായ താരം 2019-ൽ പുറത്തിറങ്ങിയ 'മാർക്കോണി മത്തായി' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

എന്നാൽ അതിന് ശേഷം മറ്റു മലയാള സിനിമകളിൽ വിജയ് സേതുപതിയെ കണ്ടിരുന്നില്ല. ഇപ്പോഴിതാ മലയാള സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘മാർക്കോണി മത്തായി കഴിഞ്ഞ് മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടു. പക്ഷേ അവയിൽ ഒന്നും ഇഷ്ടമായില്ല. പലരുടെയും അടുത്ത് നിന്ന് കഥ കേൾക്കും, ചിലപ്പോൾ ഞാൻ ഒക്കെ പറയും. എന്നാൽ പിന്നീട് അവർ വീണ്ടും വരാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. മലയാളം, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് നിരവധി കഥകൾ വരാറുണ്ട്.

എന്നാൽ എനിക്ക് ഇഷ്ടപ്പെടുന്ന കഥകൾ ഇതുവരെ കിട്ടിയിട്ടില്ല,’ വിജയ് സേതുപതി പറഞ്ഞു. മലയാള സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും ‘തുടരും എന്ന സിനിമ കണ്ടിരുന്നതായും വളരെ ഇഷ്ടമായി എന്നും വിജയ് സേതുപതി പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച കളങ്കാവൽ സിനിമയും വളരെ നന്നായിട്ടുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി മണികണ്ഠൻ ഒരുക്കുന്ന തമിഴ് വെബ് സീരീസ് 'കാട്ടാൻ' റിലീസിന് തയ്യാറെടുക്കുകയാണ്. 'ഫർസി' എന്ന സൂപ്പർഹിറ്റ് ഹിന്ദി പരമ്പരയ്ക്ക് ശേഷം വെബ് സീരീസ് ലോകത്തേക്ക് വിജയ് സേതുപതി മടങ്ങിയെത്തുന്ന ഈ പ്രൊജക്റ്റ് മാർച്ച് അവസാനവാരം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണ്ണവും സവിശേഷവുമായ വേഷങ്ങളിൽ ഒന്നായിരിക്കും 'കാട്ടാൻ' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/348034/vijay-sethupathi-reveals-the-reason-behind-his-absence-from-malayalam-films)