കൊച്ചി: വിദേശ വനിതയുടെ പീഡനപരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു.
ഷക്കീർ സുബാനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. നിലവില്‍ ഇയാൾ കാനഡയിൽ തുടരുകയാണ്. പരാതിയിൽ നടപടികള്‍ മുന്നോട്ട് നീങ്ങുന്നില്ലെന്ന ആക്ഷേപമുയർന്നതോടെ സൗദി വനിതയുടെ പീഡനപരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് എറണാകുളം സെൻട്രൽ പൊലീസ്.
ഷക്കീറിനെതിരെ നെടുമ്പാശ്ശേരിയടക്കമുള്ള വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ നൽകിയിട്ടുണ്ട്. ലുക്ക് ഔട്ട് സർക്കുലർ നൽകിയിട്ടുള്ളതിനാല്‍ തിരിച്ചെത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കും.
ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്നുമായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതോടെ എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഷക്കീറിനോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
എന്നാൽ തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നാണ് മല്ലു ട്രാവലറിന്റെ വാദം. കേസിനെ നിയമപരമായി നേരിടുമെന്നും പൊലീസോ കോടതിയോ വിളിപ്പിച്ചാൽ കേരളത്തിലെത്തുമെന്നും ഷക്കീർ സുബാൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിയിക്കാൻ സാധിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും മല്ലു ട്രാവലർ പറയുന്നു.
ഒരു അഭിമുഖവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ തന്നെ വ്ലോഗർ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചെന്നാണ് സൗദി സ്വദേശിനിയുടെ പരാതി. തന്നെയും, സുഹൃത്തിനേയും മല്ലു ട്രാവലർ ഷക്കീർ സുബാൻ കൊച്ചിയിലേക്ക് വിളിപ്പിക്കുകയായിരുന്നെന്നും സൗദി സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നു. ചർച്ചകൾക്കിടെ സുഹൃത്ത് പുറത്തേക്ക് പോയപ്പോൾ ഷക്കീർ അശ്ലീല ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിച്ചെന്നുമാണ് മൊഴി.
#Harassment #Complaint #Against #MalluTraveler #Police #steppedupaction