---
title: "'മരിച്ചുപോയ അച്ഛനെയെങ്കിലും വെറുതേ വിടൂ; കല്ലെറിയുന്നത് നിർത്തൂ'; പൊട്ടിക്കരഞ്ഞ് അഭിരാമി സുരേഷ്"
english_title: "Singer Abhirami Suresh and her family give an emotional response against fake news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347691/singer-abhirami-suresh-and-her-family-give-an-emotional-response-against-fake-news"
published_at: "2026-03-14T15:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52e09dbbe0_16.jpg"
keywords: []
---

# 'മരിച്ചുപോയ അച്ഛനെയെങ്കിലും വെറുതേ വിടൂ; കല്ലെറിയുന്നത് നിർത്തൂ'; പൊട്ടിക്കരഞ്ഞ് അഭിരാമി സുരേഷ്

> **Lead Summary:** **[** പിതാവിനെ അവസാനകാലത്ത് സംരക്ഷിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ വൈകാരികമായ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷും കുടുംബവും രംഗത്ത്.

## Article Content

**[** പിതാവിനെ അവസാനകാലത്ത് സംരക്ഷിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ വൈകാരികമായ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷും കുടുംബവും രംഗത്ത്.

ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് അഭിരാമി തുറന്നടിച്ചു.

മരിച്ചുപോയ വ്യക്തിയെപ്പോലും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി അങ്ങേയറ്റം വേദനാജനകമാണെന്നും സത്യമറിയാതെ ഒരു കുടുംബത്തെ മുഴുവൻ കല്ലെറിയുന്നത് നിർത്തണമെന്നും താരം ആവശ്യപ്പെട്ടു.

തങ്ങളുടെ ജീവിതം എന്നും സുതാര്യമായിരുന്നുവെന്നും സന്തോഷത്തിലും സങ്കടത്തിലും ഒരേപോലെ ചേർന്നുനിന്ന ചെറിയ കുടുംബമാണ് തങ്ങളുടേതെന്നും അഭിരാമി കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. സംഗീതത്തോടൊപ്പം തന്നെ ആത്മീയതയിലും സേവനപ്രവർത്തനങ്ങളിലും സജീവമായിരുന്ന പിതാവ്, അത്തരം ട്രസ്റ്റുകളുടെ പ്രവർത്തനങ്ങളിൽ താൽപ്പര്യപൂർവ്വം പങ്കുചേരാറുണ്ടായിരുന്നു.

ഈ വസ്തുതയെയാണ് പിതാവിനെ ഉപേക്ഷിച്ചു എന്ന രീതിയിൽ ചിലർ വളച്ചൊടിക്കുന്നത്. കുടുംബത്തെ അടുത്തറിയുന്നവർക്ക് സത്യമെന്താണെന്ന് അറിയാമെന്നും പകുതി മാത്രം കേട്ട കഥകൾ വെച്ച് ഒരാളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കരുതെന്നും താരം അഭ്യർത്ഥിച്ചു.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വേട്ടയാടപ്പെടുന്ന തന്റെ അമ്മയെക്കുറിച്ചെങ്കിലും ഓർക്കണമെന്നും മരിച്ചുപോയ പിതാവിനെയെങ്കിലും വെറുതെ വിടണമെന്നും താരം കുറിച്ചു.

പിന്തുണച്ചിരുന്നവർ പോലും വ്യാജവാർത്തകൾ വിശ്വസിച്ച് തിരിയുന്നത് കാണുമ്പോൾ വലിയ വിഷമം തോന്നുന്നുണ്ടെന്നും, ഇനിയെങ്കിലും ഇത്തരം സൈബർ ബുള്ളിയിങ്ങിന് ഒരു പരിധി വേണമെന്നും പറഞ്ഞാണ് അഭിരാമി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347691/singer-abhirami-suresh-and-her-family-give-an-emotional-response-against-fake-news)