തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികളായി മത്സരിക്കാനില്ലെന്ന് അറിയിച്ച് വീണാ നായരും ലക്ഷ്മി പ്രിയയും. വോട്ടർ പട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് താരങ്ങളുടെ പിന്മാറ്റം. വോട്ടർ പട്ടികയിൽ പേരില്ലാത്തത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് വീണാ നായർ പ്രതികരിച്ചു. ഏറ്റുമാനൂരിലാണ് വീണാ നായരെ മത്സരിപ്പിക്കാൻ എൻഡിഎ നേതൃത്വം തീരുമാനിച്ചത്. മത്സരിക്കാൻ ഇല്ലെങ്കിലും ട്വൻ്റി- 20 ക്കും എൻഡിഎക്കും ഒപ്പം തുടരുമെന്ന് വീണാ നായർ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൊടുത്തിരുന്നു. എന്നാൽ നടപടികൾ പൂർത്തിയായിരുന്നില്ലെന്ന് വീണാ നായർ പ്രതികരിച്ചു. നടപടികൾ പൂർത്തിയാകണമെങ്കിൽ ഇനിയും വൈകും. അപ്പേഴേക്കും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം കഴിയും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും വീണ പറഞ്ഞു.
ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും വീണാ നായർ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതുകൊണ്ട് പേരുണ്ടാകാം എന്ന് കരുതി. എന്നാൽ പേരില്ലെന്ന് അറിഞ്ഞപ്പോൾ വൈകി പോയി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്കാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്യാൻ തോന്നിയപ്പോഴാണ് ഞാൻ ചെയ്തത്. അതിനുമുമ്പ് വോട്ട് ചെയ്യാൻ തോന്നിയിട്ടില്ലെന്നും വീണാ നായർ വ്യക്തമാക്കി.
മത്സരത്തിൽ നിന്ന് പിൻമാറിയെന്ന് പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായി ചുമതലപ്പെടുത്തിയ ലക്ഷ്മിപ്രിയയും പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് വോട്ടർ പട്ടികയിൽ പേരില്ലാത്തത്. എസ്ഐആറിൽ വന്ന വിലാസത്തിലെ പ്രശ്നമാണ് പട്ടികയിൽ പേരില്ലാതാകാൻ കാരണമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടു മുൻപ് മാത്രമേ ആവശ്യമായ രേഖ ലഭിക്കുകയുള്ളൂ. റിസ്ക് എടുക്കാൻ തയ്യാറാണെന്ന് ട്വൻ്റി- 20 അറിയിച്ചിരുന്നു. ഞാൻ തന്നെയാണ് വേറെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്നും പരിഹാസ കമൻ്റുകളിൽ തളരില്ലെന്നും ലക്ഷ്മി പ്രിയ അറിയിച്ചു.
Content Highlight: Veena Nair and Lakshmi Priya announce withdrawal from elections

































