(moviemax.in)മക്കളെ കുറിച്ച് അമിത പ്രതീക്ഷ സൂക്ഷിക്കുന്ന മാതാപിതാക്കളാണ് എവിടെയും എക്കാലവും ഉണ്ടായിട്ടുള്ളത്. പഠിക്കുന്ന സമയത്താണെങ്കിൽ അവർ എല്ലാവരേക്കാളും മാർക്ക് വാങ്ങി ജയിക്കണം എന്നാവും. അത് കഴിഞ്ഞാലോ എല്ലാവരേക്കാളും നല്ല ജോലി വാങ്ങണം പണം സമ്പാദിക്കണം എന്നാവും.

പിന്നാലെ വീട്, കുടുംബം എന്ന സ്വപ്നങ്ങളെല്ലാം ഉണ്ടാവും. എന്നാലും, മാതാപിതാക്കൾ മക്കളെ കുറിച്ച് സ്വപ്നം കാണുന്നതിനെ കുറ്റം പറയാൻ പറ്റില്ല. എന്നാൽ, പലരും ഈ സ്വപ്നങ്ങളുടെ പേരിൽ വലിയ മാനസിക സമ്മർദ്ദം മക്കൾക്ക് നൽകാറുണ്ട്. മക്കൾക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വളരെ അധികം പ്രശ്നത്തിലാകുന്ന രക്ഷിതാക്കളെയും കാണാം. എന്നാൽ, അവിടെയാണ് ഈ അമ്മ വ്യത്യസ്തമാകുന്നത്.
മിക്കവാറും 100 ശതമാനമോ മിനിമം 90 ശതമാനത്തിൽ കൂടുതലോ ഒക്കെ മാർക്ക് കിട്ടുമ്പോഴാണ് പലരും തങ്ങളുടെ മക്കളുടെ മാർക്ക് ലിസ്റ്റ് പൊതുമധ്യത്തിൽ പങ്ക് വയ്ക്കുന്നതും അവരെ അഭിനന്ദിക്കുന്നതും എല്ലാം. ആ സമയത്ത് അത്രയൊന്നും മാർക്ക് നേടാൻ കഴിയാതെ പോയ കുട്ടികളുടെ അവസ്ഥ എന്താവും? എന്തായാലും ആ കുട്ടികളും അഭിനന്ദനത്തിന് അർഹരാണ്. മാർക്ക് ലിസ്റ്റ് മാത്രമല്ലല്ലോ ആളുകളുടെ വിജയപരാജയങ്ങളുടെ അളവുകോൽ.
ഇവിടെ ഒരു അമ്മ മകൾ ബോർഡ‍് എക്സാമിൽ 76 ശതമാനം മാർക്ക് വാങ്ങിയത് ആഘോഷിച്ചതാണ് ട്വിറ്റർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു ആന്റി അവരുടെ കുട്ടി ബോർഡ് പരീക്ഷയിൽ 76 ശതമാനം മാർക്ക് വാങ്ങിയത് ഓൺലൈനിൽ പങ്ക് വയ്ക്കുകയും അത് ഒരുപാട് ആഘോഷിക്കുകയും ചെയ്യുന്നത് കണ്ടു. ഇതുപോലെയുള്ള പിന്തുണയാണ് ഓരോ മാതാപിതാക്കളും കുട്ടികൾക്ക് നൽകേണ്ടത് എന്നാണ് ട്വീറ്റിൽ സൂചിപ്പിക്കുന്നത്.
അതിവേഗം തന്നെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. മിക്കവരും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വച്ചു. അതിൽ മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞവരും മാർക്ക് കുറഞ്ഞിട്ടും വീട്ടുകാർ ചേർത്തു നിർത്തിയവരും എല്ലാം പെടുന്നു. എന്തായാലും മാതാപിതാക്കളായാൽ ഇങ്ങനെ വേണം എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
Social media congratulated the woman who celebrated her daughter's 76 percent marks